ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർക്ക് മർദനം; വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടി
text_fieldsകൊച്ചി: ഡോക്ടേഴ്സ് ദിനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദനം. വനിത ഡോക്ടറോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ഹൗസ് സർജൻ ഡോ. ഹാരീഷ് മുഹമ്മദിനാണ് ശനിയാഴ്ച പുലർച്ച ഒന്നേമുക്കാലോടെ മർദനമേറ്റത്. അടിച്ച് നിലത്ത് വീഴ്ത്തി ഡോക്ടറെ ചവിട്ടി.
സംഭവത്തിൽ കുമ്പളങ്ങി ഇല്ലക്കൽ ജങ്ഷനിൽ മട്ടേക്കാട് വീട്ടിൽ റോബിൻ റോഷൻ (25), മട്ടാഞ്ചേരി മൂലംകുഴി പടിപ്പറമ്പിൽ വീട്ടിൽ ജോഷ്‌നീൽ സൈറസ്(25) എന്നിവർ എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായി. പ്രതികൾക്കെതിരെ ആശുപത്രി സംരക്ഷണനിയമം ചുമത്തി കേസെടുത്തു. പ്രതികൾ സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിൽ കഴിയുന്ന സഹോദരന് കൂട്ടിരിക്കാനാണ് റോബിനും സുഹൃത്ത് ജോഷ്നീലും ആശുപത്രിയിലെത്തിയത്. പുലർച്ച ഒന്നേമുക്കാലോടെ ഡ്യൂട്ടിക്കിടയിലെ തിരക്ക് കുറഞ്ഞ സമയത്ത് വനിത ഡോക്ടറും ഡോ. ഹാരീഷ് മുഹമ്മദും ചായ കുടിക്കാൻ ആശുപത്രിയിലെ കാഷ്വലിറ്റിയുടെ സമീപത്തുള്ള കഫറ്റേരിയിൽ എത്തിയതായിരുന്നു.
ഇവിടെ കസേരയിലിരുന്ന് ഇരുവരും ചായ കുടിക്കവെ പ്രതികൾ വനിത ഹൗസ് സർജനെ തൊടാൻ ശ്രമിക്കുംവിധം കൈവീശി നടന്നുപോയി. ഒപ്പമുണ്ടായിരുന്ന ഹാരീഷ് ‘എന്താണ് വിഷയ’മെന്ന് പ്രതികളോട് ചോദിച്ച് ഇതിനെ ചോദ്യംചെയ്തതോടെ ‘നിനക്ക് എന്താ വിഷയമെന്ന’ മറുപടിയോടെ പ്രതികൾ തട്ടിക്കയറുകയായിരുന്നു. വാക്കുതർക്കം പിന്നീട് ക്രൂരമർദനത്തിൽ കലാശിച്ചു. പിന്നീട് പ്രതികൾ ഓടിരക്ഷപ്പെട്ടു. ഡോക്ടറുടെ മുഖത്തും വയറ്റിലും മർദനമേറ്റു. പിന്നാലെ ഡോക്ടർ ഓടിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു.
കൂടെയുണ്ടായിരുന്ന വനിത ഡോക്‌ടർ സെക്യൂരിറ്റി ജീവനക്കാരനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും വിവരം അറിയിച്ചു. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ മട്ടാഞ്ചേരിയിൽനിന്നും പിടികൂടി. സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതികളുമായി പൊലീസ് ആശുപത്രിയിൽ തെളിവെടുപ്പ് നടത്തി. അപലപനീയമായ സംഭവമാണുണ്ടായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷഹീർഷ പറഞ്ഞു.
പൊലീസിന്‍റെ സമയബന്ധിതമായ ഇടപെടലിനെ തുടർന്നാണ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഒരു പ്രകോപനവുമില്ലാതെയാണ് അക്രമം. സംഭവം കണ്ടുനിന്നവർ ആരും പ്രതികരിക്കാതിരുന്നതും ഡോക്‌ടർമാർ ജോലിസ്ഥലത്ത് ആക്രമിക്കപ്പെടുന്നതും ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ ഡോക്ടർ തിരിച്ചറിഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.