പ്രഫ. വി. അരവിന്ദാക്ഷൻ പുരസ്‌കാരം ഡോ. ഗഗൻദീപ് കാങ്ങിന്
text_fieldsതൃശൂർ: ഈ വര്‍ഷത്തെ പ്രഫ. വി.അരവിന്ദാക്ഷന്‍ പുരസ്‌കാരത്തിന് പ്രസിദ്ധ വൈദ്യശാസ്ത്രജ്ഞ ഡോ. ഗഗന്‍ദീപ് കാങ്ങ് അര്‍ഹയായി. രോഗപ്രതിരോധരംഗത്തെ പഠന-ഗവേഷണങ്ങളില്‍ രാജ്യാന്തര പ്രശസ്തി നേടിയ ഡോ. കാങ്ങ് പ്രഖ്യാതമായ ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പിന് ഇന്ത്യയില്‍നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിത ശാസ്ത്രജ്ഞയാണ്.
റൊട്ടാവൈറസ് രോഗത്തിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാൻ നേതൃത്വം നല്‍കി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിച്ച ഡോ. കാങ്ങിനെ 'പ്രതിരോധ മരുന്നുകളുടെ തലതൊട്ടമ്മ' എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. കോവിഡ്-19 പ്രതിരോധത്തിനായി നടത്തുന്ന സംഭാവനകൾ മുന്‍നിര്‍ത്തിയാണ് ഡോ. കാങ്ങിന് പുരസ്‌കാരം നല്‍കുന്നതെന്ന് പ്രഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ. കാവുമ്പായി ബാലകൃഷ്ണനും സെക്രട്ടറി പി.എസ്. ഇക്ബാലും അറിയിച്ചു.
മുന്‍മന്ത്രി എം.എ. ബേബി ചെയര്‍മാനും കെ. സച്ചിദാനന്ദന്‍, ഡോ. ഖദീജ മുംതാസ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്ത്. അര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സമര്‍പ്പണ തീയതി പിന്നീട് തീരുമാനിക്കും. മുന്‍വര്‍ഷങ്ങളില്‍ കെ. സച്ചിദാനന്ദന്‍, സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ, ചരിത്രകാരി ഡോ. റൊമീള ഥാപ്പര്‍, സാമൂഹിക ശാസ്ത്രജ്ഞന്‍ ഡോ. ആനന്ദ് തെല്‍തുംബ്‌ദെ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.
വിദ്യാര്‍ഥിനി ആയിരിക്കുമ്പോള്‍ ശാസ്ത്രപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിരുന്ന ഗഗന്‍ദീപ് വെല്ലൂര്‍ സി.എം.സിയിൽനിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദവും പി.ജിയും നേടി. ഗവേഷണ ബിരുദം നേടിയശേഷം ഹൂസ്റ്റണിലെ ബയ്‌ലര്‍ കോളജ് ഓഫ് മെഡിസിനില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം പൂര്‍ത്തിയാക്കി. വെല്ലൂര്‍ മെഡിക്കല്‍ കോളജിൽ ഗ്യാസ്‌ട്രോ ഇൻറസ്റ്റെനല് സയന്‍സസ് വിഭാഗത്തില്‍ അധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2016ല്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിെൻറ കീഴിലുള്ള ബയോടെക്‌നോളജി വിഭാഗത്തിെൻറ സ്വയംഭരണ സ്ഥാപനമായ ഫരീദാബാദിലെ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സസ് ആൻറ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ എക്‌സി. ഡയറക്ടറായി നിയമിതയായി. ഇന്ത്യയില്‍ കോവിഡിനെതിരായ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിൽ സുപ്രധാന സ്ഥാനമാണ് ഡോ. കാങ്ങിനുള്ളത്. തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള സമിതിയുടെ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ഡോ. കാങ്ങ് ഫരീദാബാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍സ്ഥാനം രാജിവച്ച് വെല്ലൂരില്‍ തിരിച്ചെത്തി.
സാമൂഹികാരോഗ്യ മേഖലയിലുള്ള ഗവേഷണമാണ് വെല്‍ക്കം ട്രസ്റ്റിെൻറ പ്രവര്‍ത്തനമേഖല.1990 മുതല്‍ വൈറസ് രോഗത്തിനെതിരായ ഗവേഷണത്തില്‍ അവര്‍ മുഴുകിയിരുന്നു. അവിടെനിന്നാണ് കുട്ടികളെ മാരകമായി ബാധിക്കുന്ന റൊട്ടാവൈറസ് ഗവേഷണത്തിലേക്ക് കടക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2008-ല്‍ ലോകത്ത് നാലരലക്ഷത്തോളം കുട്ടികള്‍ ഈ വൈറസ്ബാധിച്ച് മരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ നൂറ്റാണ്ടിെൻറ ആദ്യത്തില്‍ ഓരോ വര്‍ഷവും 1.3 ലക്ഷത്തോളം കുട്ടികളാണ് മരിച്ചത്. ഡോ. കാങ്ങ് കൂടി പങ്കാളിയായ ഗവേഷണങ്ങളുടെ ഫലമാണ് ഇന്ത്യയുടെ റൊട്ടാവാക് വാക്‌സിന്‍. 300ലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ മൂന്ന് സയന്‍സ് അക്കാദമികളിലും അമേരിക്കന്‍ അക്കാദമി ഓഫ് മൈക്രോബയോളജിയിലും ഫെലോ ആണ്. ലോകാരോഗ്യ സംഘടന, ഇൻറർനാഷണൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിൽ അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.