പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്‍പെൻഷൻ
text_fieldsറാന്നി: പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ഹോസ്പിറ്റലിൽ അനസ്തേഷ്യ ഡോക്ടർ ചാർളി ചാക്കോയെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്നും ഡോക്ടർ കൈക്കൂലി വാങ്ങിയ സംഭവമുണ്ടായത്. അനിത എന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി ഹെർണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയിൽ എത്തിയത് ഓപ്പറേഷൻ ഡേറ്റ് നൽകുന്നതിന് അനിതയുടെ ഭർത്താവിൽ നിന്നും ഡോക്ടർ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു ഈ തുക നൽകാൻ കഴിയാത്തതിനാൽ നിരവധി തവണ ഡോക്ടർ ഓപ്പറേഷൻ മാറ്റിവെക്കുകയുണ്ടായി തുടർന്ന് കൂലിപ്പണിക്കാരനായ ഭർത്താവ് 2000 രൂപ ഡോക്ടർക്ക് നൽകിയ ശേഷമാണ് രോഗിക്ക് ഓപ്പറേഷൻ തീയതി നൽകിയത്.
ഈ വിവരം ശ്രദ്ധയിൽപ്പെട്ട റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കത്ത് നൽകുകയുണ്ടായി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെയും വിവരങ്ങൾ ധരിപ്പിക്കുകയുണ്ടായി. ഇതേ തുടർന്ന് വകുപ്പ്തല അന്വേഷണത്തിന് മന്ത്രി ഉത്തരവ് ഇട്ടിരുന്നു. മേടിച്ച കൈക്കൂലിയായ തുക മടക്കി നൽകിയും പരാതി പിൻവലിപ്പിച്ചും കേസിൽനിന്ന് രക്ഷപെടാൻ ഡോക്ടർ ശ്രമിച്ചിരുന്നു.
അനിതയും കുടുംബവും പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. വകുപ്പുതല അന്വേഷണം നടപടികൾ നീണ്ടു പോവുകയും ഡോക്ടർ ഓഗസ്റ്റ് മാസം പതിനാലാം തീയതി ജോലിയിൽ തിരികെ പ്രവേശിക്കുകയും ഉണ്ടായി. തിരികെ ജോലിയിൽ പ്രവേശിച്ച ഡോക്ടർ വീണ്ടും കൈക്കൂലി ആവശ്യപ്പെടുന്നതും രോഗികളോട് മോശമായി പെരുമാറുകയു മാണ് ഉണ്ടായത്.ഈ വിവരങ്ങൾ കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച എംഎൽഎയോട് രോഗികൾ അറിയിക്കുകയുണ്ടായി. ഇതേ തുടർന്നു പ്രമോദ് നാരായണൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെയും ഫോണിലൂടെ വിവരം നേരിട്ട് അറിയിക്കുകയുണ്ടായി. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്ന് സസ്പെൻഷൻ ഓർഡർ പുറത്തിറക്കിയത്.
റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുവാൻ ആരെയും അനുവദിക്കില്ലെന്നും ഇത്തരക്കാർക്ക് എതിരെ ശക്തമായി നിലപാട് നിലപാടുകൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവണതകൾ റാന്നി താലൂക്ക് ആശുപത്രിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.