നിശാപാർട്ടിയിൽ ലഹരിനുണയാനെത്തിയത് നൂറുകണക്കിന് യുവതി-യുവാക്കൾ; വിട്ടയച്ചവരിൽ വിദ്യാർഥികളും ഡോക്ടർമാരും
text_fieldsകൊച്ചി: നഗരത്തിൽ ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടിക്കിടെ നടത്തിയ റെയ്ഡിലൂടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ചില ഹോട്ടലുകളുടെ പുൽത്തകിടിയിലാണ് ഇത്തരം പാർട്ടി നടത്തിയിരുന്നത്. റെയ്ഡ് നടക്കുന്നുണ്ടെന്നറിഞ്ഞതോടെ ഇവിടെയെത്തിയ യുവതി-യുവാക്കൾ ഓടി രക്ഷപെട്ടു. എന്നാൽ ചിലയിടത്ത് ഒത്തുകൂടിയവർക്ക് ഇതിന് അവസരം ലഭിച്ചില്ല. ഹാളുകളിൽ നടത്തിയ പാർട്ടിയിൽ ലഹരിനുണഞ്ഞ് ബോധമില്ലാത്ത അവസ്ഥയിലായവർക്ക് നേരെ നിൽക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.
മയക്കുമരുന്ന് ലോബിയുടെ ആസ്ഥാനമായി കൊച്ചിയെ മാറ്റാൻ വ്യാപകമായി മയക്കുമരുന്ന് ഒഴുകുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളിൽ ഒരേ സമയം റെയ്ഡ് നടത്തിയത്. പാർട്ടിയിൽ പങ്കെടുത്തവരുടെ കൈവശം മയക്കുമരുന്നുണ്ടോ എന്നായിരുന്നു റെയ്ഡിനെത്തിയ സംഘം ആദ്യം പരിശോധിച്ചത്. പരിശോധന നടത്തിയ ശേഷം ഓരോരുത്തരെയായി വിട്ടയക്കുകയായിരുന്നു.
എറണാകുളം ജില്ലക്കാരായ യുവാക്കൾ നടത്തിയ നിശാപാർട്ടിയിൽ ഡോക്ടർമാർ അടക്കുള്ള പ്രഫഷനലുകൾ മുതൽ വിദ്യാർഥികൾ വരെ പങ്കെടുത്തതായാണ് വിവരം. എറണാകുളം ചക്കരംപറമ്പിലുള്ള ഹോട്ടലിൽ നടത്തിയ പാർട്ടിയിൽ നൂറിലേറെ യുവതി-യുവാക്കളാണ് പങ്കെടുത്തത്.
ആലുവ സ്വദേശി ഡിസ്ക് ജോക്കി (ഡി.ജെ) അൻസാർ, പാർട്ടി നടത്തിപ്പുകാരായ നിസ്വിൻ, ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് പരിശോധനയിൽ മാരക ലഹരി മരുന്നുകളുമായി അറസ്റ്റിലായത്. ഇവരിൽ നിന്ന് മയക്കുമരുന്നുകള്‍ പിടികൂടി. കസ്റ്റംസ്, എൻ.സി.ബി, ഡി.ആർ.ഐ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.
പിടിയിലായവരുടെ പക്കൽ നിന്ന് എം.ഡി.എം.എയും ചില കെമിക്കൽ ഡ്രഗ്ഗുകൾ സംഘം പിടിച്ചെടുത്തു. കസ്റ്റംസിന്‍റെ സ്നിഫർ ഡോഗാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ പക്ഷേ കുറച്ച് മയക്ക് മരുന്ന് മാത്രമേ കണ്ടെത്താനായുള്ളൂ.
ഡി.ജെ പാർട്ടികളിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ശനിയാഴ്ച രാത്രി 11.45ന് തുടങ്ങിയ പരിശോധന പുലർച്ചെ 3.45 വരെ നീണ്ടു. എറണാകുളത്തിന് പുറമേ കോട്ടയത്ത് നിന്നെത്തിയ യുവാക്കളാണ് കൂടുതലായും പാർട്ടിയിൽ ഉണ്ടായിരുന്നത്. പാർട്ടിയിൽ പങ്കെടുത്ത വിദ്യാർഥികളെയും മറ്റും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ബംഗളൂരുവിൽ അടുത്തിടെ നടന്ന മയക്കുമരുന്ന് കേസ് കന്നഡ സിനിമ മേഖലയെ വരെ പിടിച്ചുകുലുക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവെ, നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, വിരേൻ ഖാൻ, ബി.കെ. രവിശങ്കർ എന്നിവരെ നാർകോട്ടിക്സ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു നഗരത്തിൽ നാർകോട്ടിക്സ് പിടിമുറുക്കിയതോടെ മയക്കുമരുന്ന് മാഫിയ കേരളത്തിലേക്ക് ചുവടുമാറുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.