കേരള മോഡൽ ഇങ്ങനെയും: ആരോഗ്യവകുപ്പിൽ ഡോക്ടർമാർ കുറവ്; ഗുണനിലവാരമുള്ള സേവനം കിട്ടുന്നില്ല -സി.എ.ജി
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജുകളിലടക്കം സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം അനുവദിച്ചതിലും കുറവെന്ന് സി.എ.ജി റിപ്പോർട്ട്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവ് ഗുണനിലവാരമുള്ള ആരോഗ്യ സേവനം ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും റിപ്പോർട്ട് അടിവരയിടുന്നു. 2016- 2022 വരെ കാലയളവിലെ സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് സി.എ.ജി പരിശോധിച്ചത്.
അമിത ജോലിഭാരം
ഒ.പികളിൽ എത്തുന്ന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഡോക്ടർമാർ പരിമിതമാണ്. ഇത് നിലവിലെ ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിക്കുന്നുവെന്ന് മാത്രമല്ല, രോഗികൾക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. പരിശോധന നടത്തിയ ആശുപത്രികളിൽ ഡോക്ടർമാരുടേത് മാത്രമല്ല, നഴ്സുമാരുടെയും ഫാർമസിസ്റ്റുകളുടെയും കുറവ് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വികലമായ ആസൂത്രണവും അലംഭാവവും
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യ വിഭവശേഷി കുറവായതിനാൽ ആർദ്രം മിഷനിലൂടെ ലക്ഷ്യമിടുന്ന സേവനങ്ങൾ നൽകാനാകുന്നില്ല. അനുമതിക്കുള്ള കാലതാമസം, വികലമായ ആസൂത്രണം, അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിക്കാത്തത് എന്നിവയെല്ലാം ആശുപത്രികളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് തടസ്സമുണ്ടാക്കുന്നു. ഭരണാനുമതി നൽകുന്നതിലെയും ഫണ്ടുകൾ അനുവദിക്കുന്നതിലെയും താമസവും നിരീക്ഷണത്തിലെ അലംഭാവവും താഴേത്തട്ടിലുള്ള ആശുപത്രികൾ നവീകരിക്കുന്നതിനുള്ള പല പദ്ധതികളും ഇഴയാൻ കാരണമാകുന്നു.
കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ച
ആരോഗ്യ മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടപ്പാക്കൽ തൃപ്തികരമല്ല. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) യുടെ കീഴിൽ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് നൽകുന്നതിൽ അസാധാരണ കാലതാമസമുണ്ടായി. പദ്ധതി നടപ്പാക്കുന്നതിന് സഹായിക്കാനായി നിർദേശിച്ചിരുന്ന ജില്ല നിർവഹണ യൂനിറ്റും തട്ടിപ്പ് തടയുന്നതിനും മെഡിക്കൽ ഓഡിറ്റിനുമായി സംസ്ഥാനതലത്തിൽ നിർദേശിച്ചിരുന്ന സംയോജിത യൂനിറ്റും കേരളത്തിൽ രൂപവത്കരിച്ചില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നു.
ചെലവഴിക്കൽ കുറഞ്ഞു ആരോഗ്യമേഖലയിലെ ചെലവ്
2016-17: 97.64 %
2020-21: 93.28 %
2020-21ൽ ചെലവഴിച്ച 48735 കോടിയിൽ 4.24 ശതമാനം മാത്രം മൂലധന ചെലവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.