'വൃക്ക തകരാറിലായ പെൺകുട്ടിയുടെ രോഗംമാറ്റാൻ ഹോമം, കുട്ടിക്ക് ദാരുണാന്ത്യം'; നരബലിയുടെ പശ്ചാത്തലത്തിൽ ചർച്ചയായി ഡോക്ടറുടെ കുറിപ്പ്
text_fieldsനരബലിയും ആഭിചാരക്രിയകളും അടക്കമുള്ള സംഭവങ്ങൾ സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തെ കുറിച്ചുള്ള ഒരു ഡോക്ടറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. രണ്ട് വൃക്കകളും തകരാറിലായ പെൺകുട്ടിയുടെ അസുഖം ഹോമം നടത്തി മാറ്റാൻ ശ്രമിക്കുകയും അവസാനം കുട്ടി മരണപ്പെടുകയും ചെയ്ത സംഭവമാണ് ഡോക്ടർ ജിനേഷ് പി.എസിന്‍റെ കുറിപ്പിൽ വിവരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലേക്ക് ചികിത്സക്ക് വേണ്ടി റഫർ ചെയ്ത പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങളാണ് ഡോക്ടർ വിവരിക്കുന്നത്. ഉള്ളം കൈകളിലും ശരീര ഭാഗങ്ങളിലും കണ്ട പൊള്ളലേറ്റ പാടുകൾ 10 വർഷം കഴിഞ്ഞിട്ടും മറക്കാൻ സാധിച്ചിട്ടില്ലെന്നും ഡോക്ടർ കുറിപ്പിൽ വിവരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:വർഷങ്ങൾക്കു മുൻപ് ഒരു പോസ്റ്റ്മോർട്ടം പരിശോധന ചെയ്തിട്ടുണ്ട്. രണ്ട് വൃക്കകളും തകരാറിലായ ഒരു പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം പരിശോധന. ഏതാനും മാസങ്ങൾക്കു മുൻപ് കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിലേക്ക് ചികിത്സക്ക് വേണ്ടി റഫർ ചെയ്തതായിരുന്നു ആ കുട്ടിയെ.
പക്ഷേ ബന്ധുക്കൾ ഹോമം നടത്തി. അവർ മെഡിക്കൽ കോളജിലേക്ക് പോയില്ല. ഹോമം നടത്തിയാൽ അസുഖം മാറുമെന്ന് അവരെ മറ്റൊരു ബന്ധു വിശ്വസിപ്പിച്ചു. ഫലമോ? ശരിയായ ചികിത്സ ലഭിച്ചാൽ നമ്മോടൊപ്പം ഇപ്പോഴും കാണുമായിരുന്ന ആ കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു. വലിയ വാർത്ത പോലും വന്നില്ല.
ആ കേസ് ഇപ്പോഴും മറന്നിട്ടില്ല. ഉള്ളം കൈകളിലും ശരീരത്തിൽ അവിടവിടെയായും കണ്ട പൊള്ളലേറ്റ പാടുകൾ ഇപ്പോഴും കാഴ്ചയിലുണ്ട്. ചിലതിലൊക്കെ പഴുപ്പ് ഒലിച്ചിറങ്ങുകയായിരുന്നു. ചില പൊള്ളലിന് മുകളിൽ പച്ചിലകൾ വെച്ചുകെട്ടിയിരുന്നു. കൂടുതൽ പറയാൻ വയ്യ. ഇപ്പോഴും അതൊരു വേദനയാണ്. എനിക്കുമുണ്ട് സ്കൂളിൽ പഠിക്കുന്ന ഒരു മകൾ. വർഷം ഏതാണ്ട് പത്തായിട്ടും മറക്കാൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.