'ഡോക്ടർമാർ അടിമക്കണ്ണന്മാരല്ല; മേക്കിട്ട് കേറാൻ വന്നാൽ കായികമായും നേരിടും'
text_fieldsകണ്ണൂർ: ഡോക്ടർമാർ അടിമക്കണ്ണന്മാരായി പണി എടുക്കുകയാണെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റണമെന്ന് കണ്ണൂർ കോവിഡ് ചികിത്സാകേന്ദ്രം നോഡൽ ഓഫിസർ ഡോ. അജിത് കുമാർ. മാവേലിക്കരയിൽ യുവഡോക്ടറെ സർക്കാർ ആശുപത്രിയിൽ കയറി മർദിച്ച സംഭവത്തിൽ മൂന്ന് ആഴ്‌ച പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തിലാണ് പ്രതികരണം. ''ഇനി ഇത് പോലെ മേക്കിട്ട് കേറാൻ വരുന്നവരെ നമ്മൾ കായികമായും നിയമപരമായും നേരിടും. അത് കള്ളു ഷാപ്പിൽ നിന്നു രണ്ടെണ്ണം അടിച്ചിട്ട് വന്നവനായാലും ശരി, ലക്ഷ്വറി കാറിൽ കുശു കുശു പറഞ്ഞു വന്നവനായാലും ശരി..'' -ഡോ. അജിത് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
മേയ് 14നാണ് മാവേലിക്കര ജില്ല ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവിനെ സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് മർദിച്ചത്. കോവിഡ് ബാധിച്ച് അവശയായ അഭിലാഷിന്‍റെ മാതാവ് ഉമ്പർനാട് അഭിലാഷ് ഭവനത്തിൽ ലാലി(56)യെ ജില്ല ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ, ആശുപത്രിയിലെത്തിച്ചു കഴിഞ്ഞപ്പോഴേക്കും ഇവർ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ പറയുന്നു. അമ്മ മരിച്ചതറിഞ്ഞെത്തിയ അഭിലാഷ്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവുമായി തർക്കിച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു.
മരണം സ്ഥിരീകരിച്ച ഡ്യൂട്ടി ഡോക്ടറെ അസഭ്യവർഷം ചൊരിയുകയും കരണത്തടിക്കുകയും ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് തിരിച്ചറിയാൻ പറ്റാത്തത് കൊണ്ടാണോയെന്ന് ഡോ. അജിത് കുമാർ ചോദിക്കുന്നു. എങ്കിൽ വല്ല മഷി നോട്ടക്കാരന്‍റെ സഹായവും തേടണം. വിദ്യാഭ്യാസവും നിയമവും വകുപ്പും അറിയുന്ന നിയമപാലകൻ ഇമ്മാതിരി ഗുണ്ടായിസം കാണിച്ചു നടക്കുമ്പോ ആസമിലെ ആൾക്കൂട്ട ആക്രമണത്തിനെതിരെ നമ്മൾ രോഷം കൊള്ളുന്നത് എന്തിനാണ്?. മഹാമാരി കാലത്ത് ഇമ്മാതിരി പോക്രിത്തരം കാണിച്ചിട്ട് ഇതാണ് അവസ്ഥയെങ്കിൽ ഇതിനു മുമ്പും ശേഷവും ഉള്ള കാര്യങ്ങൾ പറയാതിരിക്കുന്നത് നല്ലത്. കഴിഞ്ഞ ഒന്നു രണ്ട് മാസത്തിനിടെ പ്രബുദ്ധ കേരളത്തിൽ അഞ്ചു ഹോസ്പിറ്റലിന് നേരെ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ, മാവേലിക്കര. ഇതിൽ ഒന്നിൽ പോലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കാരണം പ്രതികളെ കണ്ടെത്താൻ സാധിക്കാഞ്ഞിട്ടല്ല, എല്ലാം ഉന്നതർ അല്ലെങ്കിൽ രാഷ്ട്രീയസ്വാധീനമുള്ളവർ ആയത് കൊണ്ടാണ്.
പ്രതിഷേധം അവിടെ തുടങ്ങിയിട്ടേ ഉള്ളു. അത് മാന്യമായി ചെയ്യുന്നത് കണ്ടിട്ട് ആരും തെറ്റിധരിക്കേണ്ട. അതിനുള്ള മറുപടി ലുസിഫെറിൽ ലാലേട്ടൻ പറഞ്ഞിട്ടുണ്ട്. ഇനി മാവേലിക്കരയിൽ ഇത് തീരും എന്നും വിചാരിക്കേണ്ട. വിഷയം ആളിക്കത്തും. പിന്നെ കൈവിട്ടു പോയതിനു ശേഷം ആരും ധാർമികതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ചൂട്ടും കത്തിച്ചു ഇങ്ങോട്ടു വരണ്ട. ആളിപ്പടരുന്ന തീയുടെ വെട്ടത്തിൽ ചൂട്ട് കണ്ടു എന്ന് വരില്ല.
ഒരു സാധനവും പണയം വെച്ചിട്ടൊന്നുമില്ല ഇന്നും ജോലി ചെയ്യുന്നത്. പഠിച്ച കാലത്തൊക്കെ കിട്ടിയതിന് പലിശയും ചേർത്ത് കൊടുത്തു തന്നെയാണ് വന്നത്. കൂടെ ഉള്ളവർക്ക് വേണ്ടി പോകേണ്ടി വന്നാൽ ഏത് അറ്റം വരെ പോകാനും അറിയാം -ഡോ. അജിത് വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
മാവേലിക്കരയിൽ ഒരു യുവ ഡോക്ടറെ സർക്കാർ ആശുപത്രിയിൽ കയറി ഒരു പോലീസ് കാരൻ മർദിച്ചിട്ട് ആഴ്‌ച മൂന്ന് കഴിഞ്ഞു. ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. പോലീസുകാരൻ കോവിഡ് രോഗം ബാധിച്ച അദ്ദേഹത്തിന്റെ അമ്മയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു.
മരണം സ്ഥിരീകരിച്ച ഡ്യൂട്ടി ഡോക്ടറെ യാതൊരു പ്രകോപനവും കൂടാതെ അസഭ്യവർഷം ചൊരിയുകയും കരണത്തടിക്കുകയും ചെയ്ത പോലീസുകാരനെ ഇത്രയും ദിവസമായി അറസ്റ്റ് ചെയ്യാൻ വൈകുന്നത് പ്രതിയെ തിരിച്ചറിയാൻ നിയമപാലകർക്ക് ഇനിയും പറ്റാത്തത് കൊണ്ടാണോ?.
ഇല്ലെങ്കിൽ വല്ല മഷി നോട്ടക്കാരന്‍റെ സഹായവും തേടണം മിസ്റ്റർ......
കോട്ടയം മെഡിക്കൽ കോളജിൽ നിന്നും സർജറിയിൽ പി.ജിയും കഴിഞ്ഞു സർക്കാർ ആശുപത്രിയിൽ മാന്യമായി ജോലി ചെയ്യാൻ വന്ന യുവ ഡോക്ടറെ വിദ്യാഭ്യാസവും നിയമവും വകുപ്പും അറിയുന്ന സർക്കാർ സംവിധാനത്തിന്‍റെ തന്നെ ഭാഗമായ, അതും നിയമപാലകൻ ഇമ്മാതിരി സംസ്‌കാരം കാണിച്ചു ഗുണ്ടായിസം കാണിച്ചു നടക്കുമ്പോ പിന്നെന്തിന് സഹോദരാ ..... ആസ്സാമിലെ മോബ് വയലൻസ് എതിരെ നമ്മൾ രോഷം കൊണ്ടിട്ടിട്ടെന്തിനാ . ....
വലിയ പ്രബുദ്ധരും സാക്ഷരരും സർവോപരി ബുദ്ധിജീവികളും വാഴുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ ഇമ്മാതിരി പോക്രിത്തരം കാണിച്ചിട്ട് അതും ഇതുപോലെയുള്ള ഒരു മഹാമാരി കാലത്തു ആരോഗ്യപ്രവർത്തകർ മുഴുവൻ രാവും പകലും ഇല്ലാതെ ഒന്നര വർഷത്തോളമായി കഷ്ടപെടുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ പിന്നെ ഇതിനു മുമ്പും ശേഷവും ഉള്ള കാര്യങ്ങൾ പറയാതിരിക്കുന്നത് നല്ലത്..
ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതിയാൽ തെറ്റ്. കഴിഞ്ഞ ഒന്നു രണ്ട് മാസത്തിനിടെ പ്രബുദ്ധ കേരളത്തിൽ അഞ്ചു ഹോസ്പിറ്റൽ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ, മാവേലിക്കര സംഭവങ്ങൾ. ഇതിൽ ഒന്നിൽ പോലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല കാരണം പ്രതികളെ കണ്ടെത്താൻ സാധിക്കാഞ്ഞിട്ടല്ല ......എല്ലാം ഉന്നതർ അല്ലെങ്കിൽ രാഷ്ട്രീയസ്വാധീനമുള്ളവർ ....
ഇത് മാവേലിക്കരയിൽ ഒതുങ്ങുന്ന വിഷയമാണെന്ന് കരുതിയാൽ അതും തെറ്റ്.... പ്രതിഷേധം അവിടെ തുടങ്ങിയിട്ടേ ഉള്ളു.... അത് മാന്യമായി ചെയ്യുന്നത് കണ്ടിട്ട് ആരും തെറ്റിധരിക്കേണ്ട. അതിനുള്ള മറുപടി ലുസിഫെറിൽ ലാലേട്ടൻ പറഞ്ഞിട്ടുണ്ട് ..... ഇനി മാവേലിക്കരയിൽ ഇത് തീരും എന്നും വിചാരിക്കേണ്ട... വിഷയം ആളിക്കത്തും പിന്നെ കൈവിട്ടു പോയതിനു ശേഷം ആരും ധാർമികതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ചൂട്ടും കത്തിച്ചു ഇങ്ങോട്ടു വരണ്ട. ആളിപ്പടരുന്ന തീയുടെ വെട്ടത്തിൽ ചൂട്ട് കണ്ടു എന്ന് വരില്ല..
മെഡിക്കൽ കോളേജിൽ സന്യസിക്കാൻ പോയിട്ടൊന്നുമല്ല എം.ബി.ബി.എസ് പാസായത്. ഒരു സാധനവും പണയം വെച്ചിട്ടൊന്നുമില്ല ഇന്നും ജോലി ചെയ്യുന്നത്. പഠിച്ച കാലത്തൊക്കെ കിട്ടിയതൊക്കെ പലിശയും ചേർത്ത് കൊടുത്തു തന്നെയാണ് വന്നത്. കൂടെ ഉള്ളവർക്ക് വേണ്ടി പോകേണ്ടി വന്നാൽ ഏത് അറ്റം വരെ പോകാനും അറിയാം .....
ഇവിടെ ഡോക്ടര്മാർ എല്ലാവരും ഇതൊന്നും കാണാതെ, അറിയാതെ അടിമകണ്ണന്മാരായി പണി എടുക്കുകയാണെന്നു ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റിക്കോളൂ.... എല്ലാം വ്യക്തമായി മനസിലാക്കി കൊണ്ട് തന്നെയാണ് ഗെയിം പ്ലാൻ. ഇത്ര മോശം സമയത്തും കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി.... ഇനി ഇത് പോലെ മേക്കിട്ട് കേറാൻ വരുന്നവരെ നമ്മൾ കായികമായും നിയമപരമായും നേരിടും. അത് കള്ളു ഷാപ്പിൽ നിന്നു രണ്ടെണ്ണം അടിച്ചിട്ട് വന്നവനായാലും ശരി, ലക്ഷ്വറി കാറിൽ കുശു കുശു പറഞ്ഞു വന്നവനായാലും ശരി..
Dr Ajithkumar C
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.