അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിൽ; രോഗികൾ വലയുന്നു
text_fieldsഅഗളി: അട്ടപ്പാടി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിലായതോടെ രോഗികൾ വലയുന്നു. ആദിവാസികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് രോഗികൾ ദിനംപ്രതി ആശ്രയിക്കുന്ന അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച ഒരു ഡോക്ടർ മാത്രമാണ് രോഗികളെ പരിശോധിക്കുവാനായി ഉണ്ടായിരുന്നത്. ബുധനാഴ്ച ആശുപത്രിയിലെത്തിയ ആദിവാസി പെൺകുട്ടി കുഴഞ്ഞുവീണു.
ഒന്‍പത് ഡോക്ടർമാരാണ് സാധാരണ ഇവിടെ ഉണ്ടാകേണ്ടത്. ഇതിൽ ഒരാൾ ശബരിമല ഡ്യൂട്ടിക്കും മറ്റൊരാൾ ട്രെയിനിംഗിനും പോയി. അഞ്ചുപേർ അനുമതിയില്ലാതെ അവധിയിലും പ്രവേശിച്ചതായാണ് ആരോപണം. ബാക്കിയുള്ള ഒരു ഡോക്ടർ പോസ്റ്റുമോർട്ടം ഡ്യൂട്ടിയിലായി. ശേഷിക്കുന്ന ഡോക്ടർക്ക് ഉച്ചയ്ക്ക് ശേഷമാണ് ഡ്യൂട്ടി. ഇതോടെ ആശുപത്രിയിൽ ചികിത്സിക്കാൻ ഡോക്ടർമാരില്ലാത്ത അവസ്ഥയായി.
മണിക്കൂറുകൾ കാത്തു നിന്നിട്ടും ഡോക്ടർമാർ എത്താതായതോടെ രോഗികൾ ബഹളം വെച്ചു. ഇതോടെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സുപ്രണ്ടും എത്തി രോഗികളെ പരിശോധിക്കുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പാടാക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. പലപ്പോഴും ജീവനക്കാർ ജോലിക്ക് സമയത്ത് എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും അന്വേഷണം ഉണ്ടാകുമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.