സമരം കടുപ്പിച്ച് ഡോക്ടർമാർ; മെഡി. കോളജിൽ ഇന്ന് രണ്ടുമണിക്കൂർ ഒ.പി ബഹിഷ്കരണം
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കുന്നു. പ്രശ്നം പരിഹരിച്ചിെല്ലങ്കിൽ 48 മണിക്കൂർ നിരാഹാരസമരം അവസാനിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജിലും രണ്ടുമണിക്കൂർ ഒ.പി ബഹിഷ്കരിക്കും. രാവിലെ എട്ടുമുതൽ 10 വരെയാണ് ഒ.പി ബഹിഷ്കരണം.
കോവിഡ്, അത്യാഹിത-അടിയന്തര വിഭാഗങ്ങളെ ബാധിക്കാത്തവിധത്തിലാകും സമരം. എം.ബി.ബി.എസ്, എം.ഡി, ഡി.എം, എം.എസ് കോഴ്സുകളുമായി ബന്ധപ്പെട്ട ഒാൺലൈൻ ക്ലാസുകൾ തിങ്കളാഴ്ചമുതൽ നിർത്തിവെക്കും. ചൊവ്വാഴ്ചമുതൽ എല്ലാ സർക്കാർ മെഡിക്കൽ കോളജിലും അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ആരംഭിക്കുമെന്ന് കേരള ഗവൺമെൻറ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ഡി.എം.ഇക്ക് നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകി.
പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ തിങ്കളാഴ്ചമുതൽ മെഡിക്കൽ കോളജിൽ കോവിഡ് ഡ്യൂട്ടി ഒഴികെ അത്യാഹിതമടക്കം മറ്റു വിഭാഗങ്ങളിലെ ജോലിയിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് ഡോക്ടർമാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അടിയന്തര സാഹചര്യം കണക്കിലെടുത്ത് അതിൽനിന്ന് പിന്മാറി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
കെ.ജി.എം.സി.ടി.എയെ പ്രതിനിധീകരിച്ച് ഡോ. ദിലീപ്, ഡോ. മിനി എന്നിവരാണ് 48 മണിക്കൂർ നിരാഹാരമനുഷ്ഠിക്കുന്നത്. രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഒരു ഡോക്ടറെയും രണ്ട് നഴ്സുമാരെയുമാണ് സസ്പെൻഡ് ചെയ്തത്.
കോവിഡ് നോഡൽ ഒാഫിസർ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിൽ കോവിഡ് നോഡൽ ഓഫിസർമാരായ ഡോക്ടർമാർ കൂട്ടമായി രാജിവെച്ച് പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ നാല് നോഡൽ ഒാഫിസർമാരും രാജിവെച്ചു. പകരം ചുമതല നൽകാൻ ശ്രമിച്ചെങ്കിലും ആരും സ്വീകരിച്ചിട്ടില്ല. നിലവിൽ ഏൽപിച്ച ജോലിക്കുപുറമെ അധിക ജോലി ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഡോക്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.