ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ; ഡോക്ടർമാർ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്കരിച്ചു
text_fieldsതിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷെൻറ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് ഡോക്ടർമാർ ഒരുമണിക്കൂർ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇതോടനുബന്ധിച്ച് വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു.
വ്യാഴാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, മലപ്പുറം എടയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഡ്യൂട്ടിക്കിടെ ഡോക്ടർമാർക്ക് നേരെയുണ്ടായ അക്രമങ്ങളിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്ത സഹചര്യത്തിൽ തുടർ പ്രക്ഷോഭങ്ങൾ സംഘടന തൽക്കാലം പിൻവലിക്കുന്നതായി അസോസിയേഷൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ കെ.ജി.എം.ഒ.എ പ്രതിനിധികളുമായി കലക്ടറുടെ ചേംബറിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രധാന പ്രതികളെ ആശുപത്രി സംരക്ഷണ നിയമം ചുമത്തി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ കെ.ജി.എം.ഒ.എ വെള്ളിയാഴ്ച മുതൽ തുടങ്ങിയ പണിമുടക്കും പിൻവലിച്ചു.
മലപ്പുറം ജില്ലയിൽ ശനിയാഴ്ച മുതൽ നടക്കുന്ന ഓരോ എം.ആർ ഔട്ട് റീച്ച് ക്യാമ്പിനും പൊലീസ് സംരക്ഷണവും പ്രശ്നബാധിത പ്രദേശങ്ങളിൽ പൊലീസ് റാപിഡ് റെസ്പോൺസ് ടീമിെൻറ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും സംഘടന അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ഡോക്ടർമാർക്ക് സമരമുഖത്തേക്ക് ഇറങ്ങേണ്ടിവരുന്ന സാഹചര്യം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാനുള്ള ആർജവം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. വാക്സിനേഷനെതിരെ പ്രവർത്തിക്കുന്നവരുടെ മേൽ യു.എ.പി.എ അടക്കമുള്ള രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.