'ഇവിടെ ഇങ്ങിനെ ഒരാൾ'; ഒ. അബ്ദുറഹ്മാനെ കുറിച്ചുള്ള ഡോകുമെന്‍ററി പ്രകാശനം ചെയ്തു
text_fieldsകോഴിക്കോട്: മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാന്റെ സാമൂഹിക-പത്രപ്രവർത്തന ജീവിതം അടയാളപ്പെടുത്തി വിങ്സ് ക്രിയേഷൻസ് നിർമിച്ച് നസീർക്കുട്ടി സംവിധാനം ചെയ്ത 'ഇവിടെ ഇങ്ങിനെ ഒരാൾ' ഡോകുമെന്‍ററി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പ്രകാശനം ചെയ്തു. തെൻറ സർഗ പ്രതിഭക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും അടയാളപ്പെടുത്തി എന്നതാണ് ഒ. അബ്ദുറഹ്മാെൻറ സവിശേഷതയെന്ന് ഇ.ടി അഭിപ്രായപ്പെട്ടു.
എല്ലാവർക്കും വിവരങ്ങൾ ലഭ്യമാകുന്ന പുതിയ കാലത്ത് ഉൾക്കാഴ്ചയുള്ള ജീവിത ദർശനത്തോടെ ഈ വിവര വിനിമയത്തെ സമീപിക്കാൻ കഴിയുന്നുവെന്നതിൽ അദ്ദേഹം മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എഴുത്തുകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. 'മാധ്യമം' ആരംഭിച്ച കാലം മുതൽ ഒ. അബ്ദുറഹ്മാനുമായുള്ള സ്നേഹബന്ധം ഇന്നും അതുപോലെ നിലനിൽക്കുന്നതായി ഓൺലൈൻ വഴി ആശംസയർപ്പിച്ച മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആൻറണി പറഞ്ഞു.
നാദാപുരം എം.എൽ.എ ആയിരിക്കെ ഉണ്ടായ സാമുദായിക സംഘർഷം അവസാനിപ്പിക്കാൻ 'മാധ്യമ'വും ഒ. അബ്ദുറഹ്മാനും നൽകിയ പിന്തുണ നിസ്സീമമാണെന്നും ആ കൃതജ്ഞത എന്നുമുണ്ടായിരിക്കുമെന്നും ഓൺലൈൻ വഴി ചടങ്ങിൽ സംബന്ധിച്ച മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം എം.പി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം കേരളത്തിൽ ആരംഭിച്ച പത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിത്തീരുന്നതിൽ 'മാധ്യമം' സ്വീകരിച്ച ഫോർമുല വ്യത്യസ്തമായിരുന്നെന്നും ഇതിന് ചുക്കാൻ പിടിച്ച ഒ. അബ്ദുറഹ്മാന്റെ പങ്ക് സവിശേഷമാണെന്നും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലത്ത് ഒപ്പം നിന്ന സുഹൃത്താണ് അദ്ദേഹമെന്നും കമല സുരയ്യ എന്ന തെൻറ മാതാവിനെ കുറിച്ച് വ്യാജം പ്രചരിച്ച കാലത്ത് സത്യത്തിനും കുടുംബത്തിനുമൊപ്പം അദ്ദേഹം നിലയുറപ്പിച്ചതായും സൺഡേ ഗാർഡിയൻ എഡിറ്റോറിയൽ ഡയറക്ടർ കൂടിയായ എം.ഡി. നാലപ്പാട് പറഞ്ഞു. സാമൂഹികവും സാംസ്കാരികവുമായ വ്യത്യസ്തകളെയും അരികുവത്കരിക്കപ്പെട്ടവരെയും ഉൾപ്പെടുത്തി സാമൂഹിക സന്തുലിതത്വത്തോടെയുള്ള മാധ്യമ പ്രവർത്തനത്തിലൂടെ കേരളത്തിന് വലിയ സംഭാവനയാണ് അദ്ദേഹം അർപ്പിച്ചതെന്ന് ദലിത് ആക്ടിവിസ്റ്റും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറുമായ കെ. അംബുജാക്ഷൻ അഭിപ്രായപ്പെട്ടു.
പശ്ചിമേഷ്യ ഉൾപ്പെടെ അന്താരാഷ്ട്ര രാഷ്ട്രീയ ചലനങ്ങളെ കുറിച്ച് ആഴത്തിൽ അറിവുള്ള മാധ്യമ പ്രവർത്തകൻ കൂടിയാണദ്ദേഹമെന്ന് ആശംസയർപ്പിച്ച ഐ.പി.എച്ച് ചീഫ് എഡിറ്റർ വി.എ. കബീർ അഭിപ്രായപ്പെട്ടു. വ്യത്യസ്ത അഭിപ്രായങ്ങളുടേയും പ്രത്യയശാസ്ത്രങ്ങളുടേയും സമന്വയമാണ് അദ്ദേഹം നിർവഹിച്ചതെന്ന് ഫ്രണ്ട്ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു.
ഫാഷിസവും സമഗ്രാധിപത്യവും പിടിമുറുക്കുന്ന ഇന്ത്യപോലുള്ള ബഹുസ്വര സമൂഹത്തിൽ പരസ്പര സ്നേഹവും സഹവർത്തിത്വവും കൊണ്ടേ മറികടക്കാനാവൂ എന്ന് മറുപടി പ്രസംഗത്തിൽ ഒ. അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി. ശരിയെന്ന് വിശ്വസിക്കുന്ന നിലപാടിന് വേണ്ടി സാധ്യമാകുന്ന വിധത്തിൽ നിലകൊണ്ടുവെന്ന് കരുതുന്നു. രണ്ടു പ്രളയത്തേയും കോവിഡിനേയും കരിപ്പൂർ വിമാനാപകടം പോലുള്ളതിനേയും നേരിടാൻ കേരളത്തിന് സാധിച്ചത് ഊർജസ്വലാരായ പുതുതലമുറയെ കൊണ്ടാണെന്നും അവരിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രോഗ്രാം കോർഡിേനറ്റർ അബ്ദുൽ റഷീദ് അറ്റ്ലാൻറ, മാധ്യം സി.ഇ.ഒ പി.എം. സ്വാലിഹ്, ബന്ന ചേന്ദമംഗല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു. സംവിധായകൻ നസീർക്കുട്ടി സ്വാഗതവും മാധ്യമം ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.