അഭിമന്യു വധക്കേസ്: നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അടക്കം 11 രേഖകൾ കാണാതായത് ഹൈകോടതി അനുമതിയോടെ പുനഃസൃഷ്ടിക്കാൻ ഒരുങ്ങി പ്രോസിക്യൂഷൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽനിന്നാണ് ഇവ അപ്രത്യക്ഷമായത്. ഈ മാസം 18ന് കേസ് പരിഗണിക്കാനിരിക്കെ രേഖകൾ തയാറാക്കി കോടതിയെ അറിയിക്കാനാണ് നീക്കം. 11 രേഖകളുടെയും സോഫ്റ്റ് കോപ്പി കൈവശമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ അവകാശവാദം. ഹൈകോടതി നിർദേശപ്രകാരം ഇവ ഉടൻ പുനർനിർമിക്കും. നഷ്ടപ്പെട്ട രേഖകൾ വീണ്ടും സമർപ്പിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും കോടതി നിർദേശം നൽകിയിരുന്നു. രേഖകൾ നഷ്ടമായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വിഷയം പരിശോധിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് സർക്കാർ നിർദേശം നൽകുകയും ചെയ്തു.
2023 ഡിസംബറിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ശിരസ്തദാർ രേഖ നഷ്ടപ്പെട്ട വിവരം ഹൈകോടതിയെ രേഖാമൂലം അറിയിച്ചത്. എന്നാൽ, അതിന് ഒരു വർഷം മുമ്പുതന്നെ രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. സംഘടനയെ നിരോധിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ കോടതികളിൽ പോപുലർ ഫ്രണ്ട് (പി.എഫ്.ഐ) പ്രവർത്തകർ പ്രതികളായ കേസുകളുടെ വിശദാംശങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിരുന്നു. അഭിമന്യു കേസ് വിവരങ്ങൾ ശേഖരിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്ക് അന്ന് രേഖകൾ ലഭിച്ചില്ല. 2022 അവസാനംതന്നെ രേഖകൾ നഷ്ടപ്പെട്ടതായി സംശയിക്കാൻ കാരണം ഇതാണ്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സുരക്ഷിത കസ്റ്റഡിയിൽനിന്ന് ഇവ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഒഴിവാക്കാൻ കഴിയില്ല. നഷ്ടപ്പെട്ടത് എത്രകാലം മുമ്പാണെന്നും കണ്ടെത്തണം. നഷ്ടപ്പെട്ടവക്ക് പകരം വിചാരണവേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്ന രേഖകളുടെ ആധികാരികത സംബന്ധിച്ച് പ്രതിഭാഗം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.