‘പ്രായം തെളിയിക്കുന്ന ആധികാരിക രേഖകൾ പരിശോധിക്കണം’
text_fieldsകൊച്ചി: നടപടിക്രമങ്ങളിലെ വീഴ്ചമൂലം കുട്ടിക്കുറ്റവാളികൾ പ്രായപൂർത്തിയായവർക്കൊപ്പം ജയിലിൽ കിടക്കുന്നത് ഒഴിവാക്കാൻ മാർഗ നിർദേശങ്ങളുമായി ഹൈകോടതി.
ഇടുക്കി ദേവികുളം കുണ്ടല സാന്റോസ് കോളനിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട കേസിൽ പ്രതികളായ മാതാപിതാക്കൾക്കൊപ്പം സംഭവസമയത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളും 11 വർഷത്തോളം ജയിലിൽ കഴിയേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ജീവപര്യന്തം ശിക്ഷ ലഭിച്ച ഇവരെ വിട്ടയക്കാൻ മാസങ്ങൾക്കുമുമ്പ് കോടതി ഉത്തരവിട്ടിരുന്നു.
ഇവർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വാദം കേട്ട ശേഷമാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവുകളും കോടതി പരിഗണിച്ചു.
അറസ്റ്റിന് മുമ്പ്
അറസ്റ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിക്കുറ്റവാളിയുടെ സ്കൂൾ, ജനന സർട്ടിക്കറ്റുകൾ, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ ആധികാരിക രേഖകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തണം. ഇക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കണം. പരിശോധിച്ച രേഖയുടെ പകർപ്പും റിമാൻഡ് റിപ്പോർട്ടിനൊപ്പം വെക്കണം.
പ്രതിയെ ഹാജരാക്കുംമുമ്പ്
മജിസ്ട്രേറ്റ് മുമ്പാകെ പ്രതിയെ ഹാജരാക്കുംമുമ്പ് രേഖകൾ പരിശോധിക്കാൻ സാധിച്ചില്ലെങ്കിൽ അക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ പറയണം. പ്രതി കുട്ടിയല്ലെന്ന് ബോധ്യമായതിന്റെ കാരണങ്ങളും വ്യക്തമാക്കണം. എത്രയുംവേഗം രേഖ കണ്ടെത്തി മജിസ്ട്രേറ്റ് മുമ്പാകെ എത്തിക്കേണ്ടത് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ചുമതലയാണ്.
പ്രായത്തിലെ കൃത്യത
പ്രായത്തിൽ കൃത്യത വരുത്തി അക്കാര്യം മജിസ്ട്രേറ്റ് റിമാൻഡ് ഓർഡറിൽ രേഖപ്പെടുത്തണം. ശരീരത്തിന്റെ വലുപ്പവും പ്രായവും തമ്മിൽ പൊരുത്തക്കേട് തോന്നിയാൽ ശിശുസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അന്വേഷണം നടത്തി ഉചിതമായ ഉത്തരവിടണം. ആധികാരികരേഖ ഹാജരാക്കാൻ സാധിക്കാത്തതിന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിട്ടുള്ള കാരണങ്ങൾ മജിസ്ട്രേറ്റ് സൂക്ഷ്മപരിശോധന നടത്തി ഉത്തരവിൽ രേഖപ്പെടുത്തണം.
ജയിലിൽ അയക്കുംമുമ്പ്
പ്രായം സംബന്ധിച്ച കാര്യത്തിൽ ബോധ്യംവരാത്ത സാഹചര്യമുണ്ടായാൽ കൃത്യമായി അത് ഉറപ്പാക്കാനാകുന്നതുവരെ പ്രതിയെ ജയിലിലേക്ക് അയക്കാനോ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിൽ വിടാനോ ഉത്തരവിടരുത്. കൂടുതൽ അന്വേഷണം നടത്തിയശേഷം ഉചിതമായ ഉത്തരവിടണം എന്നിവയാണ് നിർദേശങ്ങൾ. പൊലീസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും കൈമാറാൻ രജിസ്ട്രിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
കോടതി പരിഗണിച്ച കേസിൽ രണ്ട് പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം മാതാപിതാക്കൾ അറിയിച്ചില്ലെന്നും രേഖകളിലൂടെ ബോധ്യപ്പെടുത്തിയില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്. കുട്ടികളെ കണ്ടാൽ പ്രായപൂർത്തിയായവരാണെന്ന് തോന്നുമായിരുന്നെന്നും ചൂണ്ടിക്കാട്ടി.
മജിസ്ട്രേറ്റും ഈ കാരണത്താൽ സംശയം പ്രകടിപ്പിച്ചില്ല. അതിനാൽ, നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്നായിരുന്നു വാദം. നഷ്ടപരിഹാരം നൽകേണ്ടതുസംബന്ധിച്ച് നിലവിൽ നിയമമില്ലെന്ന് വിലയിരുത്തിയ കോടതി, ഇക്കാര്യത്തിൽ ഉത്തരവും സാധ്യമല്ലെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.