വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ചതിനോട് യോജിപ്പില്ല; വഹാബിനോട് വിശദീകരണം തേടും -മുസ്‍ലിംലീഗ്
text_fieldsരാജ്യസഭയിൽ കേന്ദ്ര മന്ത്രിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ച മുസ്‍ലിംലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് എം.പിയുടെ നടപടിയോട് പാർട്ടി യോജിക്കുന്നില്ലെന്നും വിശദീകരണം തേടുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. പ്രത്യേക വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘‘കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എം.പി നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം എന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കും’’, എന്നിങ്ങനെയാണ് വാർത്ത കുറിപ്പിൽ പറയുന്നത്.
വി. മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണെന്നാണ് രാജ്യസഭയിൽ ധനവിനിയോഗ ബില്ലിൽ നടന്ന ചർച്ചയിൽ വഹാബ് അഭിപ്രായപ്പെട്ടത്. മന്ത്രി രാജീവ് ചന്ദ്രശേഖർ വൈദഗ്ധ്യ വികസനത്തിൽ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും വഹാബ് പറഞ്ഞു. താങ്കൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റേത് ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാർട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, കേരളത്തിൽ വരുമ്പോൾ ആവശ്യമില്ലാത്ത ചില പരാമർശങ്ങൾ അദ്ദേഹം കേരള സർക്കാറിനെ കുറിച്ച് നടത്താറുണ്ടെന്നും വഹാബ് കൂട്ടിച്ചേർത്തു.
വി. മുരളീധരനെതിരെ ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശമുയർത്തിയതിന് പിന്നാലെയായിരുന്നു വഹാബിന്റെ പ്രശംസ. നോട്ടുനിരോധനത്തിലൂടെ നാലു ലക്ഷം കോടി രൂപയെങ്കിലും ലാഭമുണ്ടായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നാണ് വി. മുരളീധരൻ പറഞ്ഞിരുന്നതെന്നും അവരെല്ലാം ഇന്ന് ഉന്നത പദവികളിലാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിൽനിന്നുള്ള ഒരു എം.പി സംസാരിക്കുമ്പോൾ കേൾക്കുകയെങ്കിലും ചെയ്യണമെന്ന് മുരളീധരനോട് ആവശ്യപ്പെട്ട ബ്രിട്ടാസ്, കേരളത്തിൽ ഇടങ്കോലിടുകമാത്രമാണ് അജണ്ടയെന്നും കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.