ജനസംഖ്യ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനോട് യോജിപ്പില്ല - പാലോളി
text_fieldsമലപ്പുറം: ജനസംഖ്യ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് സി.പി.എം മുതിർന്ന നേതാവും മുൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. വിവിധ സമുദായത്തിനുള്ളിലെ ജനവിഭാഗത്തിന്‍റെ ജീവിതാവസ്ഥയാണ് പരിഗണിക്കേണ്ടത്. ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ 80:20 അനുപാതത്തോട് യോജിക്കാനാവില്ലെന്നും പാലോളി പറഞ്ഞു.
മുസ് ലിംകളും ക്രൈസ്തവരും അടക്കം എല്ലാ സമുദായത്തിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവരും ഇല്ലാത്തവരുമുണ്ട്. സാമുദായിക അടിസ്ഥാനത്തിൽ സാമ്പത്തികശേഷി കുറവുള്ളവരെ പരിഗണിക്കുന്നതാണ് ശരി. അതിന്‍റെ അടിസ്ഥാനത്തിലാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് മുസ് ലിംകളെ കൂടാതെ ന്യൂനപക്ഷ വിഭാഗത്തിലെ അർഹതപ്പെട്ടവരെ കണ്ടെത്തി ആനുകുല്യം കൊടുക്കാമെന്ന നിലപാട് സ്വീകരിച്ചത്. മുസ് ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിച്ചത് വിശാല താൽപര്യം മുൻനിർത്തിയാണെന്നും പാലോളി പറഞ്ഞു.
രാജ്യത്തെ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളിലെ മുസ് ലിംകളുടെ സ്ഥിതി വളരെ ദയനീയമാണെന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ മുസ് ലിംകളെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തന്നെ, കേരളത്തിലെ മുസ് ലിംകളിൽ സാമ്പത്തികശേഷി കുറവുള്ളവരും ഉണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്ന ഘട്ടത്തിൽ മറ്റ് സാമ്പത്തികശേഷി കുറഞ്ഞ വിഭാഗങ്ങളെ കൂടി പരിഗണിക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നടപ്പാക്കുന്ന ഘട്ടത്തിൽ മറ്റ് വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമപദ്ധതിയിൽ 80:20 ശതമാനം കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാരാണ്. ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകണോ നിയമനിർമാണം നടത്തണോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കണമെന്നും പാലോളി മീഡിയവൺ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.