"പണമില്ലെങ്കിൽ സര്‍ക്കാര്‍ ആഘോഷങ്ങൾ വേണ്ടെന്ന് വെക്കുന്നുണ്ടോ..?"; മറിയക്കുട്ടിയുടെ ഹരജിയിൽ ഹൈകോടതി
text_fieldsകൊച്ചി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടി നൽകിയ ഹരജിയിൽ സർക്കാറിനെതിരെ വിമർശനമുയർത്തി ഹൈകോടതി. സർക്കാറിന് ആഘോഷങ്ങൾക്ക് ചെലവഴിക്കാൻ പണമുണ്ടെങ്കിലും പെൻഷൻ വിതരണത്തിന് പണമില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി, ഇത് മുൻഗണ വിഷയമാണെന്നും നൽകിയേ തീരുവെന്നും പറഞ്ഞു.
ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതിയുടെ പ്രതികരണം.
മറിയക്കുട്ടിക്ക് മാസം തോറും 1600 രൂപ നൽകാനാവുന്നില്ലെങ്കിൽ മൂന്ന് മാസത്തേക്ക് അവരുടെ ഭക്ഷണത്തിനും മരുന്നിനുള്ള ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു. അവർ ക്രിസ്മസിന് പെൻഷൻ വിഹിതം ചോദിച്ച് വന്നത് നിസ്സാരമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
"1600 രൂപ നിങ്ങള്‍ക്ക് ഒന്നുമല്ലായിരിക്കാം. പണമില്ലെന്ന് സര്‍ക്കാര്‍ പറയരുത്. സർക്കാരിന് പല ആവശ്യങ്ങള്‍ക്കും ചെലവഴിക്കാന്‍ പണമുണ്ട്. എന്നാൽ, സര്‍ക്കാര്‍ എതെങ്കിലും ആഘോഷം വേണ്ടെന്ന് വെക്കുന്നുണ്ടോ? പെന്‍ഷന്‍ നല്‍കുന്നതില്‍ മുന്‍ഗണനാക്രമം വേണം."- കോടതി പറഞ്ഞു.
അതേ സമയം, ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ വിഹിതം ലഭിക്കാനുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്ന് വിശദീകരണത്തിനായി ഹരജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.