വിശ്വനാഥന് നീതി വേണ്ടേ?; ദുരൂഹമരണത്തിന് രണ്ടു മാസം
text_fieldsകല്പറ്റ: ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂട്ടിരിക്കാന്‍ പോയ കല്പറ്റ അഡലൈഡ് പാറവയലിലെ ആദിവാസി യുവാവ് വിശ്വനാഥൻ ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ട് രണ്ടു മാസമായിട്ടും അന്വേഷണം എവിടെയുമെത്താതെ ഇഴയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് എ.സി.പി സുദര്‍ശന്റെ നേതൃത്വത്തില്‍ ഒരു മാസം അന്വേഷിച്ചിട്ടും തുമ്പൊന്നും ലഭിക്കാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. നിരവധി സാക്ഷികളും സി.സി.ടി.വി ദൃശ്യങ്ങളുമുണ്ടായിട്ടും കേസില്‍ ഒരു തുമ്പുപോലും ലഭിക്കാത്തതിന് പിറകില്‍ ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണെന്ന് കുടുംബം പരാതിപ്പെടുന്നു.
ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നതിന്റെ പിറ്റേന്നാണ് വിശ്വനാഥന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരണം കൊലപാതകമാണെന്ന് അന്ന് മുതല്‍ കുടുംബം ആരോപിച്ചിരുന്നുവെങ്കിലും അന്വേഷണം ആ രീതിയില്‍ മുന്നോട്ട് പോയില്ല.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും മരണസമയത്ത് വിശ്വനാഥന്റെ ദേഹത്തുണ്ടായിരുന്ന ഷര്‍ട്ട് കുടുംബത്തെ കാണിക്കുകയോ മൊബൈല്‍ ഫോണ്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കൈയില്‍ കിട്ടിയതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ ചെയ്യാത്തത് ദുരൂഹമായി തുടരുന്നു. ഒരുമാസം പൊലീസ് അന്വേഷിച്ചിട്ടും പ്രതികളെ കിട്ടാത്ത കേസ്, ഒടുവില്‍ മുഖ്യമന്ത്രി വയനാട്ടിലെത്തുന്നതിന്റെ തലേന്ന് ഏപ്രിൽ ഒന്നിനാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ, ഇതുവരെ അന്വേഷണ സംഘം രൂപവത്കരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. 24 മണിക്കൂറിനകം കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും 24 ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് കുടുംബത്തിന് തുക കൈമാറിയത്. മരണാനന്തര ചടങ്ങുകള്‍ക്ക് ആദിവാസി വിഭാഗത്തിന് നല്‍കേണ്ട തുകയും അകാരണമായി വൈകിപ്പിച്ചു.
മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കുന്നതിലൂടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന ബാധ്യത ഒഴിവാക്കാനാണ് ശ്രമമെന്ന ആരോപണവും ശക്തമായി. മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുങ്ങുകയാണ് ജസ്റ്റിസ് ഫോര്‍ വിശ്വനാഥന് എന്ന പേരില്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റി. അന്വേഷണം വൈകുന്നതിലൂടെ തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടേക്കാമെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. പി.ജി. ഹരി പറഞ്ഞു.
വിശ്വനാഥന്റെ കുടുംബവും വിവിധ സംഘടനകളും ചേർന്ന് സമരപരിപാടികൾ ആരംഭിക്കും. ഇതോടൊപ്പം നിയമവഴിയിലും പോരാട്ടം തുടരാനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.