രാത്രിവരെ അവൻ കാത്തിരുന്നു; ആരും വരില്ല, ഇനി ജീവിതം തെരുവിൽ തന്നെ
text_fieldsപയ്യന്നൂർ: രാത്രിവരെ അവൻ കാത്തിരിക്കുകയായിരുന്നു തെരുവിൽ തന്‍റെ യജമാനൻ വരുമെന്ന പ്രതീക്ഷയോടെ. എന്നാൽ സ്നഹിക്കാനും സംരക്ഷിക്കാനും മാത്രം പഠിച്ച അവനറിയുന്നുണ്ടോ മനുഷ്യന്‍റെ ക്രൂരമനസിനെ. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിനു സമീപം റോഡിൽ തള്ളി ഒരു മന:സാക്ഷിക്കുത്തുമില്ലാതെ കടന്നു പോയ യജമാനനു വേണ്ടിയുള്ള പട്ടിയുടെ കാത്തിരിപ്പ് നഗരവാസികൾക്ക് നൊമ്പരക്കാഴ്ചയായി.
രാവിലെയാണത്രെ പട്ടിയെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് റോഡിൽ തള്ളി ഉടമ കടന്നത്. ഇറങ്ങാൻ വിസമ്മതിച്ച പട്ടിയെ കാലുകൊണ്ട് തള്ളി താഴെയിട്ട് ഓടിച്ചു പോവുകയായിരുന്നുവെന്ന് പറയുന്നു. അതേ സ്ഥലത്താണ് പട്ടി പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നത്. കാര്യം കഴിഞ്ഞാൽ കറിവേപ്പില പുറത്ത് എന്ന ചൊല്ലിനെ അന്വർഥമാക്കുന്നതായിരുന്നു ഉടമയുടെ പെരുമാറ്റം. പ്രായമായതും രോമങ്ങൾ കൊഴിയാൻ തുടങ്ങിയതും മറ്റുമാണ് ഉപേക്ഷിക്കാൻ കാരണമെന്ന് കരുതുന്നു.
മാലിന്യങ്ങൾ വലിച്ചെറിയുന്നതു പോലെ വളർത്തുമൃഗങ്ങളെയും തെരുവിൽ ഉപേക്ഷിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽ ജീവിച്ച ഇവ തെരുവിൽ ആഹാരം കണ്ടെത്താനാവാതെ നരകിച്ച് ചാവുകയാണ് പതിവ്. തെരുവിൽ ഉപേക്ഷിക്കുന്ന വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ ചില വിദേശരാഷ്ട്രങ്ങളിൽ സംവിധാനമുണ്ട്. എന്നാൽ ഇന്ത്യയിൽ ഇതില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ മൃഗസംരക്ഷണവകുപ്പിനോ ഒന്നും ചെയ്യാനില്ല.
നഗരമധ്യത്തിൽ പട്ടിയെ ഉപേക്ഷിച്ചവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാരും മൃഗസ്നേഹികളും ആവശ്യപ്പെടുന്നു. ടൗണിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചാൽ പട്ടിയെ കൊണ്ടുവന്ന ഓട്ടോ കണ്ടെത്താൻ പ്രയാസമില്ല. എന്നാൽ ഇര മിണ്ടാപ്രാണിയായതിനാൽ അധികൃതർ മൗനം പാലിക്കാനാണ് സാധ്യതയെന്ന് മൃഗസ്നേഹികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.