ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു
text_fieldsആറാട്ടുപുഴ (ആലപ്പുഴ): വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. തകഴി അഞ്ചാം വാർഡിൽ അരയന്റെ ചിറയിൽ പരേതനായ ശ്രീധരന്റെ ഭാര്യ കാർത്യായനി അമ്മയാണ് (81) അതി ദാരുണമായി കൊല്ലപ്പെട്ടത്.
മകൻ പ്രകാശിന്റെ വീടായ ആറാട്ടുപുഴ വലിയഴീക്കൽ അഴീക്കോടൻ നഗറിലുള്ള ചെമ്പിശ്ശേരിൽ വീട്ടിൽ വെച്ചായിരുന്നു സംഭവം. മുഖം പൂർണമായും നായ്‌ക്കൂട്ടം കടിച്ചെടുത്തു. ഒരു കണ്ണ് മാത്രമാണ് മുഖത്ത് ശേഷിക്കുന്നത്. പ്രകാശനും ഭാര്യ ജൂലിയയും രാവിലെ 10 മണിയോടെ വീട്ടിൽ നിന്നും പുറത്ത് പോയതിനാൽ കാർത്യായനിയമ്മ തനിച്ചാണ് വീട്ടിൽ ഉണ്ടായിരുന്നത്.
വൈകുന്നേരം മൂന്നരയോടെ നായ്‌ക്കൂട്ടങ്ങൾ അസ്വാഭാവികമായി കുരക്കുന്നത് അയൽവാസികൾ കേട്ടിരുന്നു. സംശയം തോന്നി വീടിന് സമീപത്ത് എത്തിയപ്പോൾ വീടിന്റെ ഗേറ്റ് താഴിട്ട്പൂട്ടിയ നിലയിലായിരുന്നു. വീട്ടിൽ ആരുമില്ലെന്നും പട്ടികൾ വെറുതെ കുരക്കുകയാണെന്നും കരുതി അയൽവാസികൾ തിരികെ പോയി. ഈ സമയത്താകും സംഭവം നടന്നതെന്ന് കരുതുന്നു. അഞ്ച് മണിയോടെ പ്രകാശൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
നാലുമാസമായി കാർത്യായനിയമ്മ ഇളയമകനായ പ്രകാശനോടൊപ്പമാണ് താമസിക്കുന്നത്. വീടിന് വെളിയിലാണ് കാർത്യായനിയമ്മ കിടന്നിരുന്നത്. വയോധികയെ പുറത്ത് കിടത്തി വീടും ഗേറ്റും പൂട്ടിയാണ് മകനും ഭാര്യയും പുറത്ത് പോയത്. വീടിനു മുന്നിൽ മാത്രമാണ് മതിലുള്ളത്. ബാക്കി ഭാഗത്ത് വേലിയാണ് ഉണ്ടായിരുന്നത്. വേലി പൊളിഞ്ഞു കിടന്ന ഭാഗത്തുകൂടിയാണ് നായ്ക്കൂട്ടം അകത്തു കടന്നതെന്നാണ് കരുതുന്നത്.
ഭക്ഷണ പത്രങ്ങളും വയോധിക കിടന്ന ചായ്‌പ്പിൽ ഉണ്ടായിരുന്നു. അയൽപക്കവുമായി വീട്ടുകാർക്ക് വലിയ ബന്ധമില്ലാത്തതിനാൽ വായോധിക വീട്ടിലുള്ള കാര്യം അയൽവാസികളും അറിഞ്ഞിരുന്നില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
മറ്റുമക്കൾ: സുകുമാരൻ, നന്ദഗോപൻ, പങ്കജാക്ഷൻ, സന്തോഷ്, ദീപ. മരുമക്കൾ: പെണ്ണമ്മ, തങ്കച്ചി, ദീപ, അജിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.