ബസ് കണ്ടക്ടറെ നായ് കടിച്ചു; ചികിത്സ തേടിയപ്പോൾ സർവിസ് മുടങ്ങിയതിന് 7500 രൂപ പിഴയിട്ട് എം.വി.ഡി
text_fieldsഅരൂര്‍: സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് നായുടെ കടിയേറ്റു. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സര്‍വിസ് മുടങ്ങിയതിന് ബസിന് മോട്ടോര്‍വാഹന വകുപ്പ് 7500 രൂപ പിഴയിട്ടതായി പരാതി.
അരൂര്‍ ക്ഷേത്രം-ചേര്‍ത്തല സര്‍വിസ് നടത്തുന്ന വെള്ളിമുറ്റത്തപ്പന്‍ ബസിലെ കണ്ടക്ടര്‍ ചേന്നംപള്ളിപ്പുറം പാമ്പുംതറയില്‍ വിഘ്നേഷിനാണ് (24) തെരുവുനായുടെ കടിയേറ്റത്. ബസ് അരൂര്‍ ക്ഷേത്രം കവലയിലെത്തിയപ്പോൾ തൊട്ടടുത്ത കാര്‍ത്യായനിദേവീ ക്ഷേത്രത്തില്‍ നേര്‍ച്ചയിടാന്‍ പോയതായിരുന്നു വിഘ്നേഷ്. ഈ സമയത്താണ് നായ് വിഘ്നേഷിന്‍റെ ഇടതുകാലിന് മുട്ടിന് താഴെ കടിച്ചത്.
മുറിവേറ്റ നിലയില്‍ കണ്ടക്ടറെ കണ്ടതോടെ ഡ്രൈവര്‍ ഉടമയെ വിവരമറിയിച്ച് വിഘ്നേഷുമായി അരൂക്കുറ്റി ഗവ. ആശുപത്രിയിലേക്ക് പോയി. അവിടെ മരുന്നില്ലാതിരുന്നതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനിടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ബസ് സര്‍വിസ് മുടങ്ങിയതായി കണ്ടെത്തി. നായ് കടിച്ച വിവരം മറ്റു ബസ് ജീവനക്കാര്‍ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് 7500 രൂപ പിഴയടക്കാന്‍ ഉടമക്ക് നിര്‍ദേശം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.