Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുളവി ഈച്ചകളുടെ...

കുളവി ഈച്ചകളുടെ ആക്രമണത്തിൽ വളർത്തുനായ്​ ചത്തു

text_fields
bookmark_border
wasp sting
cancel

‍പെരുമ്പാവൂർ: കടന്നൽ ഇനത്തിൽപെട്ട കുളവി ഈച്ചയുടെ കുത്തേറ്റ് വളർത്തുനായ്​ ചത്തു. ഐമുറി പടിക്കലപ്പാറയ്ക്ക് സമീപം പിണയ്ക്കാപ്പടി ബാബുവിന്‍റെ നായാണ് കുളവിയുടെ കുത്തേറ്റ് ചത്തത്.

നായെ തോട്ടിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോഴാണ് ഈച്ചകളുടെ ആക്രമണം ഉണ്ടായത്. നായുടെ ഉടമ പ്രാണരക്ഷാർത്ഥം തൊട്ടടുത്ത കുളത്തിൽ ചാടിയതിനാൽ ഈച്ചകളുടെ ആക്രമണത്തിൽനിന്ന്​ രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകിട്ട് പറമ്പിൽ കൃഷിചെയ്തുകൊണ്ടിരിക്കെ കോടനാട് തേനൻ വർഗീസിന് കുളിവി ഈച്ചയുടെ കുത്തേറ്റിരുന്നു. വർഗീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവ സ്ഥലത്ത് എത്തിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബേബി തോപ്പിലാൻ, വാർഡ് അംഗം ഹരിഹരൻ പടിക്കൽ എന്നിവർ ഫോറസ്റ്റ് അധികാരികളേയും ഫയർഫോഴ്സിനേയും സമീപിച്ചെങ്കിലും ഈച്ചയെ തുരുത്താൻ ആവശ്യമായ രക്ഷാ ഉപകരണങ്ങളില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സമീപത്തെ മരത്തിലാണ് ഉഗ്ര വിഷമുള്ള ഈച്ചകൾ കൂടുകൂട്ടിയിരിക്കുന്നത്.

മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ ഈച്ചകളെ തുരത്താൻ കാലടി സ്വദേശി ഷിജു ആട്ടോക്കാരന്‍റെ സഹായം തേടുമെന്ന്​ ജനപ്രതിനിധികൾ പറഞ്ഞു.

തേനീച്ച, കടന്നല്‍ തുടങ്ങിയ ജീവികള്‍ ആക്രമിച്ചാല്‍ എന്തുചെയ്യണം?

ഇതുസംബന്ധിച്ച്​ ഇന്‍ഫോക്ലിനിക്ക് പ്രസിദ്ധീകരിച്ച കുറിപ്പ്​:

അനിമല്‍ കിങ്ഡത്തിലെ ജീവികളുടെ എണ്ണം കണക്കിലെടുത്താല്‍ ആര്‍ത്രോപോഡ ഫൈലത്തിലെ ഷഡ്പദങ്ങള്‍ എന്ന ക്ലാസിലെ ജീവികളുടെ എണ്ണം ലോകത്താകമാനമുള്ള ആകെ ജീവജാലങ്ങളുടെ 75 % എങ്കിലും വരും. ഈ ഷഡ്പദങ്ങളിലെ ഒരു ഓര്‍ഡര്‍ ആണ് Hymenoptera. ഈ ഓര്‍ഡറിലാണ് നമ്മുടെ കേന്ദ്ര കഥാപാത്രങ്ങള്‍ ഉള്‍പ്പെടുന്നത്. മുന്‍ചിറകുകളും പിന്‍ചിറകുകളും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന, പാടപോലുള്ള ചിറകുകളുള്ള ഷഡ്പദങ്ങളാണിവ.

പ്രധാനമായും നാല് തരം ജീവികളാണ് ഓര്‍ഡറിലുള്ളത്. തേനീച്ചകള്‍, കടന്നലുകള്‍, ഉറുമ്പുകള്‍, പരാദ കടന്നലുകള്‍ എന്നിവയാണവ. ഇവയില്‍ പരാദ കടന്നലുകള്‍ ഒഴികെ എല്ലാവരെയും നിങ്ങള്‍ക്ക് പരിചയമുണ്ടെന്ന് കരുതട്ടെ. വിളകള്‍ നശിപ്പിക്കുന്ന കൃമികീടങ്ങളുടെ മുഖ്യ ശത്രുവാണ് പരാദക്കടന്നലുകള്‍.

പ്രധാനമായും അഞ്ച് തരം തേനീച്ചകളാണ് കേരളത്തിലുള്ളത്. Apis mellifera (ഇറ്റാലിയന്‍ തേനീച്ച), Apis cerana indica (ഞൊടിയന്‍ തേനീച്ച), Apis florea (കോല്‍തേനീച്ച), Apis dorsata(മലന്തേനീച്ച), Trigona iridipennis (ചെറുതേനീച്ച) എന്നിവയാണവ. ഇവയില്‍ ചെറുതേനീച്ചക്ക് കുത്താനാവശ്യമായ കൊമ്പുകളില്ല. മലന്തേനീച്ചയാണ് ഏറ്റവും അപകടകാരി. ഇവയില്‍ മലന്തേനീച്ച ഒഴികെയുള്ള വിഭാഗങ്ങളെ തേന്‍ ലഭിക്കാനായി വളര്‍ത്താറുണ്ട്. കൂടുണ്ടാക്കി കൂട്ടമായി ജീവിക്കുന്ന സാമൂഹ്യ ജീവികളാണ് തേനീച്ചകള്‍.

വളരെയധികം തരം കടന്നലുകള്‍ നമ്മുടെ നാട്ടിലുണ്ട്. Vespa ജീനസിലുള്ള Hornet, Polistes ജീനസിലുള്ള Paper wasp, Vespula ജീനസിലുള്ള Yellow jacket എന്നിവ ചിലത് മാത്രമാണ്. കൂട്ടമായും അല്ലാതെയും ജീവിക്കുന്ന വിവിധതരം കടന്നലുകളുണ്ട്.

ഇവയെ കൂടാതെ വിവിധതരം ഉറുമ്പുകളും കേരളത്തിലുണ്ട്. എന്നാല്‍ കടന്നലുകളെയും മലന്തേനീച്ചയെയും താരതമ്യം ചെയ്താല്‍ അത്ര അപകടകാരികളല്ല ഉറുമ്പുകള്‍.

വിഷം: പലതരം എന്‍സൈമുകളുടെയും (Phospholipase A, hyaluronidase) അമൈനുകളുടെയും (Histamine, serotonin, acetyl-choline) ടോക്‌സിക്കായ പെപ്‌റ്റൈഡുകളുടെയും (കടന്നലുകളില്‍ kinins; തേനീച്ചകളില്‍ apamin, melittin etc) മിശ്രിതമാണ് ഇവയുടെ വിഷം.

തേനീച്ചകളുടെയും കടന്നലുകളുടെയും കുത്തുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. തേനീച്ചകള്‍ കുത്തുമ്പോള്‍ കൊമ്പ് (Sting) ഒടിഞ്ഞ് ശരീരത്തില്‍ കയറുന്നു. കൊമ്പിനോടൊപ്പം വിഷസഞ്ചിയും വയറിന്റെ കുറച്ചുഭാഗവും ഉണ്ടാവും. ഇവ നഷ്ടപ്പെടുന്നതിനാല്‍ കുത്തിയ ശേഷം തേനീച്ചകള്‍ ജീവിച്ചിരിക്കില്ല. കൊമ്പില്‍ എതിര്‍ ദിശയിലേക്ക് കാണപ്പെടുന്ന ചെറിയ മുള്ളുകള്‍ (Barb) ഉണ്ട്. ഇവയുടെ സാന്നിധ്യമുള്ളതിനാല്‍ വലിച്ചൂരിയെടുക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ വേദനയെടുക്കുകയും കൂടുതല്‍ മുറുകുകയും ചെയ്യും.

എന്നാല്‍ ഇത്തരം മുള്ളുകള്‍ ഇല്ലാത്തതിനാല്‍ കടന്നലുകള്‍ക്ക് നിരവധി തവണ കുത്താന്‍ സാധിക്കും. മാത്രമല്ല കടന്നലുകളുടെ കുത്തേറ്റാല്‍ ശരീരത്തില്‍ കൊമ്പുകള്‍ തറച്ചിരിക്കുകയുമില്ല.

കുത്തേറ്റാലുള്ള ലക്ഷണങ്ങള്‍

1. Local Reaction: ഒന്നോ രണ്ടോ കുത്തുകള്‍ മാത്രമേയുള്ളുവെങ്കില്‍ അത്ര അപകടകരമാല്ല. കുത്തേറ്റ സ്ഥലത്ത് വേദന, ചുവന്ന തടിക്കുക, ചൊറിച്ചില്‍, അസ്വസ്ഥത തുടങ്ങിയവ ഉണ്ടാവാം. എന്നാല്‍ കുത്തേല്‍ക്കുന്നത് കണ്ണിലോ നാക്കിലോ വായിലോ ഒക്കെയായാല്‍ അപകടകരമാണ്. കുത്തേറ്റ ഭാഗത്ത് അണുബാധയുണ്ടാവാനും സാധ്യതയുണ്ട്.

2. Allergic Reactions: മരണം വരെ സംഭവിക്കാവുന്ന Anaphylaxis അടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടാവാം. ചിലര്‍ക്ക് Hymenoptera വിഷത്തോട് അലര്‍ജിയുണ്ട്. അങ്ങിനെയുള്ളവരില്‍ അനാഫിലാക്സിസ് ഉണ്ടാവാന്‍ വളരെയധികം സാധ്യതയുണ്ട്. ഒന്നിലേറെ തവണ കുത്തേല്‍ക്കുമ്പോള്‍ ഈ സാധ്യത വര്‍ദ്ധിക്കുന്നു. കുത്തേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ ആരംഭിക്കും. തലകറക്കം, ബോധക്ഷയം, ഛര്‍ദ്ദി, ചുമ, മുഖം ചുവന്നു തടിക്കുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. കൂടുതല്‍ ഗുരുതരമായാല്‍ ശരീരമാസകലം ചൊറിഞ്ഞു തടിക്കുക, ശ്വാസനാളയില്‍ നീര്‍വീക്കം ഉണ്ടാവുക, ശ്വാസതടസം, രക്ത സമ്മര്‍ദ്ദം കൂടുക, കോമാ തുടങ്ങിയ അവസ്ഥയുണ്ടാകും. മിനിറ്റുകള്‍ക്കുള്ളില്‍ മരണം വരെ സംഭവിക്കാം. ഓര്‍ക്കുക, എല്ലാവരിലും അനാഫിലാക്‌സിസ് വരില്ല, ചെറിയൊരു ശതമാനം ആള്‍ക്കാരിലേ ഇതുവരൂ. പക്ഷേ, വന്നാല്‍ മരണകാരണമാവാം. ചിലരില്‍ ഈ ലക്ഷണങ്ങള്‍ രൂപപ്പെടാന്‍ കാടുതല്‍ സമയം എടുത്തതെന്നും വരാം.

3. Toxic Reactions: നിരവധി കുത്തുകള്‍ ഏറ്റാല്‍ മാത്രമേ വിഷബാധയുണ്ടാവൂ. രക്തക്കുഴലുകള്‍ വികസിക്കുക, രക്ത സമ്മര്‍ദ്ദം താഴുക, ഫിറ്റ്‌സ് ഉണ്ടാവുക, തലവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുവാനുള്ള സാധ്യതയുമുണ്ട്.

സങ്കീര്‍ണതകള്‍

1. വളരെ പ്രായമായവരില്‍,ഗര്‍ഭിണികളില്‍, ചെറിയ കുട്ടികളില്‍

2. കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന കുത്തുകളേറ്റാല്‍

3. കൂടുതല്‍ കുത്തുകള്‍ ഏറ്റാല്‍

4. ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ ഉള്ളവരില്‍

പ്രഥമശുശ്രൂഷ

കുത്തേല്‍ക്കുന്നവര്‍ക്ക് ജീവന്‍ നഷ്ടപെടുന്നത് വരെയുള്ള സാഹചര്യം ഉണ്ടാവാം. അതുകൊണ്ട് ലക്ഷണങ്ങള്‍ കൃത്യസമയത്ത് കണ്ടെത്തി ശരിയായ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം.

1. കൂടുതല്‍ കുത്തുകള്‍ എല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എത്രയും പെട്ടെന്ന് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുക.

2. അമിതമായി പരിഭ്രമിക്കാതെ സമചിത്തതയോടെ പെരുമാറുക.

3. ആളുടെ ശ്വസന പ്രക്രിയയും, ഹൃദയത്തിന്റെ പ്രവര്‍ത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. അതിനായി പ്രഥമശുശ്രൂഷയിലെ അആഇ നിര്‍ദേശം ഉപയോഗിക്കാം.

4. ആളെ ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനം ഉടന്‍ തയ്യാറാക്കണം .

5. ശ്വസന തടസം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസവും, ഹൃദയമിടിപ്പ് ഇല്ലെങ്കില്‍ CPR ഉം നല്‍കണം.

6. ചെറിയ ചുമപ്പും നീരും ഉള്ളവര്‍ക്ക് ആ ഭാഗത്ത് ഐസ് വെച്ച് കൊടുക്കുന്നത് നീരും വേദനയും കുറയാന്‍ സഹായിക്കും .

7. അലര്‍ജിക്കുള്ള അവില്‍ പോലുള്ള ഗുളികകള്‍ കയ്യിലുണ്ടെങ്കില്‍ അത് നല്‍കാവുന്നതാണ് .

8. ഗുരുതരമായ അലര്‍ജിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുക, കാല താമസമില്ലാതെ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

9. ആശുപത്രിയില്‍ വച്ചല്ലാതെ കൊമ്പുകള്‍ എടുത്തുകളയാന്‍ ശ്രമിക്കരുത്. അങ്ങിനെ ചെയ്താല്‍ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍ ഇരിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല കൊമ്പിനോടൊപ്പമുള്ള വിഷസഞ്ചിയില്‍ മര്‍ദ്ദം ഏറ്റാല്‍ കൂടുതല്‍ വിഷം ശരീരത്തിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്.

എന്തൊക്കെയാണ് ഗുരുതര അലര്‍ജിയുടെ ലക്ഷണങ്ങള്‍ ?

1. തൊണ്ടയിലും നാവിലും നീരുവന്നു വീര്‍ക്കുക

2. ശ്വാസതടസം

3. ശരീരം നീലിക്കുക

4. ശബ്ദം അടയുക, തൊണ്ടയില്‍ എന്തേലും ഇരിക്കുന്നപോലെ തോന്നുക

5. സംസാരിക്കാന്‍ പറ്റാതാവുക

6. വേഗത്തില്‍ ഉള്ള ഹൃദയമിടിപ്പ്, കയ്യും കാലും തണുത്ത് മരവിക്കുക

7. തലകറങ്ങുക , ബോധക്ഷയം ഉണ്ടാവുക

ഈ ലക്ഷണങ്ങള്‍ ഗുരുതരമാവന്‍ സാധ്യത ഉള്ളതാണ് . അതുകൊണ്ട് തന്നെ വളരെ വേഗം ഇത്തരക്കാരെ ആശുപത്രിയില്‍ എത്തിക്കണം.

ചെയ്യരുതാത്ത കാര്യങ്ങള്‍

അശാസ്ത്രീയമായ ചികിത്സകള്‍ക്കായി സമയം കളയരുത്. മദ്യപിക്കുകയോ, പുക വലിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യവും പുകയിലയിലെ നിക്കോട്ടിന്‍ എന്ന വസ്തുവും രക്തക്കുഴലുകളെ വികസിപ്പിച്ചു വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും.

ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഇലകളോ വച്ചുകെട്ടാനോ കഴിക്കാനോ പാടില്ല. മുറിവ് എത്രയും പെട്ടെന്ന് വൈദ്യശ്രദ്ധയില്‍ പെടാനുള്ള വഴി നോക്കുകയാണു വേണ്ടത്. മുറിവില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടിയുണ്ടാക്കുന്ന സ്ഥിതി ഉണ്ടാകരുത്.

എന്താണ് ചികിത്സ?

മുറിവ് ചികിത്സ

1.കുത്തേറ്റ ഭാഗത്ത് ഐസ് വെച്ചുകൊടുക്കുന്നത് വേദനയും നീരും കുറയാന്‍ സഹായിക്കും. ഒപ്പം വേദന കുറയാനുള്ള മരുന്നുകള്‍ നല്‍കാം, കുത്തേറ്റ ഭാഗത്ത് തേനീച്ചയുടെ കൊമ്പ് ഉണ്ടെങ്കില്‍ അത് ശ്രദ്ധയോടെ എടുത്തു മാറ്റണം. ഫോര്‍സെപ്‌സ് ഉപയോഗിക്കരുത്. സൂചിയോ ബ്ലേഡോ ഉപയോഗിക്കുക. ഫോര്‍സെപ്‌സ് ഉപയോഗിച്ചാല്‍ വിഷസഞ്ചിയില്‍ നിന്നും കൂടുതല്‍ വിഷം ശരീരത്തില്‍ പ്രവേശിക്കാം.

2. കുത്തേറ്റു ദിവസങ്ങള്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തുന്നെങ്കില്‍ കുത്തേറ്റ ഭാഗത്ത് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട് .അത്തരക്കാര്‍ക്കു അണുബാധ തടയാന്‍ ആന്‍റിബയോട്ടിക് മരുന്നുകള്‍ നല്‍കാം.

ശ്വാസതടസം

Adrenalin പോലെയുള്ള എമര്‍ജന്‍സി മരുന്നുകള്‍ നല്‍കണം. രണ്ടു കാരണങ്ങള്‍ കൊണ്ട് ശ്വാസതടസ്സമുണ്ടാകാം; ശ്വാസ നാളിയില്‍ ചുരുക്കം ഉണ്ടാകുന്നതുകൊണ്ടോ (Bronchospasam), നീര് വരുന്നതുകൊണ്ടോ (Angioedema). ചിലപ്പോള്‍ നാക്ക് നീരുവന്നു വീര്‍ത്തു ശ്വാസതടസ്സം ഉണ്ടാവും. ഇത്തരക്കാര്‍ക്ക് വളരെ വേഗം ശ്വാസ തടസ്സം കുറക്കാനുള്ള മരുന്നുകള്‍ നല്‍കണം. ശ്വാസകോശം വികസിക്കാനുള്ള മരുന്നുകളും (Bronchodialators), നീരുകുറക്കാനുള്ള മരുന്നുകളും കുത്തിവെപ്പായി നല്‍കും. മരുന്നുകള്‍കൊണ്ട് ശ്വാസതടസ്സം മാറാതെ വന്നാല്‍ കൃത്രിമ ശ്വാസം നല്‍കാനായി വായിലൂടെയോ (Endotracehal intubation), കഴുത്ത് തുളച്ചോ (Tracheostomy) കുഴലുകള്‍ ഇറക്കി ശ്വാസതടസം മാറ്റണം.

ചൊറിച്ചില്‍, രക്തസമ്മര്‍ദ്ദം കുറയല്‍, മറ്റുലക്ഷണങ്ങള്‍: ആവശ്യമായ ചികിത്സകള്‍ നല്‍കണം.

ഗര്‍ഭിണികളില്‍ ഇത്തരം പ്രാണികളുടെ കുത്തേല്‍ക്കുന്നത് അബോര്‍ഷന്‍ ഉണ്ടാവാനും, സമയം തികയാതെയുള്ള പ്രസവത്തിനും, ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കുട്ടി മരണപ്പെടാനും കാരണമാകാം . അതുകൊണ്ട് ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ കരുതലോടെയുള്ള പരിചരണം ആവശ്യമാണ് .

ഗുരുതരമായ അല്ലര്‍ജി ഉണ്ടാവുന്നവര്‍ക്ക് തീവ്രപരിചരണ വിഭാഗത്തിലുള്ള ചികിത്സ ആവശ്യമായി വന്നേക്കാം. ഒപ്പം കുറച്ചു ദിവസങ്ങള്‍ നീണ്ട നിരീക്ഷണവും വേണ്ടി വന്നേക്കാം. ചിലരിലെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വീണ്ടും അല്ലര്‍ജി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇതുകുടി കണക്കിലെടുത്താണ് നിരീക്ഷണം വേണമെന്നു പറയുന്നത്.

പ്രതിരോധം

1. അവരുടെ ആവാസവ്യവസ്ഥയില്‍ കടന്നുകയറുമ്പോള്‍ മാത്രമാണ് അവര്‍ ആക്രമിക്കുന്നത്. അവരുടെ ആവാസവ്യവസ്ഥയിലേക്ക് അതിക്രമിച്ചു കടക്കാതിരിക്കുക. വീടുകളിലും മറ്റും അവര്‍ കൂടുവെച്ചു താമസിച്ച് ശല്യമുണ്ടാക്കുന്നുവെങ്കില്‍, മാറ്റുന്നവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാവാതെ അവയെ മാറ്റാന്‍ ശ്രദ്ധിക്കുക.

2. ഇത്തരം പ്രാണികളുടെ കുത്തേല്‍ക്കാതെ നോക്കുക എന്നതാണ് ഏറ്റവും പ്രധാന പ്രതിരോധം.

3. കുത്തേല്‍ക്കാനുള്ള സാധ്യതയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ സംരക്ഷണം നല്‍കുന്ന കയ്യും കാലുകളും മൂടത്തക്കവിധമുള്ള തരം ഇറക്കമുള്ള വസ്ത്രങ്ങളും മറ്റും ഉപയോഗിക്കണം.

4. അടച്ചിട്ടിരിക്കുന്ന മുറികളിലും ഗുഹകളിലും മറ്റും കയറുമ്പോള്‍ ശ്രദ്ധിക്കുക. നല്ല വെട്ടത്തില്‍ പരിശോധിച്ചതിന് ശേഷം മാത്രം അവിടെയുള്ള വസ്തുക്കളില്‍ സ്പര്‍ശിക്കുക.

5. കാട്ടിലും മറ്റും പോകുന്നവര്‍ സൗരഭ്യം ലഭിക്കാനായി സെന്റുകള്‍ പെര്‍ഫ്യൂമുകള്‍ തുടങ്ങിയവ ഒഴിവാക്കുക. കടും നിറത്തിലുള്ള വസ്ത്രങ്ങളും ഒഴിവാക്കുക.

6. തേനീച്ചയുടെയോ കടന്നലിന്റെയോ കുത്തേറ്റ് അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ യാത്രകളില്‍ ഒരു അഡ്രിനാലിന്‍ ഇന്‍ജെക്ഷന്‍ കയ്യില്‍ കരുതുക, ആവശ്യമെങ്കില്‍ സ്വയം കുത്തിവെപ്പെടുക്കാന്‍ തയാറാവുക.

7. അലര്‍ജി ഉള്ളവര്‍ ആ വിവരം കാണിക്കുന്ന ഒരു ടാഗ് ധരിക്കുക.

8. അലര്‍ജി ഉള്ളവര്‍ ഇമ്മ്യൂണോതെറാപ്പി സ്വീകരിക്കുക.


വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ജിനേഷ് പിഎസ്, ഡോ.ജിതിന്‍ ടി ജോസഫ്, ഡോ.ബിജോയ് സി, സന്ദീപ് ദാസ്| ഇന്‍ഫോക്ലിനിക്ക്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dogbee attack
News Summary - Dog dies after bee attack
Next Story