‘പട്ടി’ പരാമർശം: എം.വി ഗോവിന്ദനെ പ്രതിഷേധം അറിയിച്ച് പത്രപ്രവർത്തക യൂനിയൻ
text_fieldsതിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ ‘പട്ടി’ പരാമർശം നടത്തിയ സി.പി.എം നേതാവ് എൻ.എൻ കൃഷ്ണദാസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കത്തു നൽകി കെ.യു.ഡബ്ല്യു.ജെ.
മാധ്യമ പ്രവർത്തകർക്കെതിരെ ഹീനമായ അധിക്ഷേപം നടത്തിയ എൻ.എൻ കൃഷ്ണദാസിനെ തിരുത്താനും നിലക്ക് നിർത്താനും പാർട്ടി നേതൃത്വം തയാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ അയച്ച കത്തിൽ ആവശ്യപ്പെട്ടു.
പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചതുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെയാണ് എൻ.എൻ. കൃഷ്ണദാസ് അധിക്ഷേപിച്ചത്. രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിലും മാന്യമായ പെരുമാറ്റം ഇനിയും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലാത്ത വിധത്തിലാണ് അദ്ദേഹം മാധ്യമ പ്രവർത്തകർക്ക് നേരെ ഭർത്സനം തുടരുന്നത്. വെള്ളിയാഴ്ച മാധ്യമങ്ങൾ പട്ടികളെപ്പോലെ ആണെന്ന് പറഞ്ഞ കൃഷ്ണദാസ് ഇന്ന് കേരള പത്രപ്രവർത്തക യൂണിയനെ അപമാനിക്കുന്നതിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും കത്തിൽ പറയുന്നു.
മാധ്യമപ്രവർത്തകർക്ക് നേരെയുള്ള എൻ.എൻ കൃഷ്ണദാസിന്‍റെ ‘പട്ടി’ പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. എൻ.എൻ. കൃഷ്ണദാസ് ഉപയോഗിച്ചത് സി.പി.എമ്മിന്‍റെ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ കഴുകന്മാരെപ്പോലെ നടക്കുകയല്ലേ. ആരോട് ചര്‍ച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ല. എല്ലാവരോടും സംസാരിക്കുന്നതു പോലെ തന്നോട് സംസാരിക്കരുത്. കോലുംകൊണ്ട് തന്റെ മുന്നിലേക്കു വരേണ്ടെന്നും മാറാന്‍ പറഞ്ഞാല്‍ മാറിക്കൊള്ളണം’ എന്നുമായിരുന്നു കൃഷ്ണദാസിന്‍റെ പരാമർശങ്ങൾ. ‘ഇറച്ചിക്കടക്ക് മുന്നിലെ പട്ടികൾ’ എന്ന വാക്ക് തുടർച്ചയായി പറഞ്ഞപ്പോൾ മാധ്യമപ്രവർത്തകർ പ്രതികരിച്ചപ്പോഴും ആ പ്രയോഗം തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.