പൊലീസിന്റെ ശ്വാനസേനയിലേക്ക് ഏഴ് അംഗങ്ങൾ കൂടി
text_fieldsതൃശൂർ: പൊലീസിെൻറ ശ്വാനസേനയിലേക്ക് ഏഴ് അംഗങ്ങൾ കൂടി. രാമവർമപുരം പൊലീസ് അക്കാദമിയിലെ ശ്വാന പരിശീലനകേന്ദ്രത്തിലെ ജൂലിക്ക് പിറന്ന ഏഴ് കുഞ്ഞുങ്ങളാണ് സേനയിലെ പുതിയ അംഗങ്ങൾ. തൃശൂർ കൊക്കാലെ മൃഗാശുപത്രിയിലായിരുന്നു ജൂലിയുടെ പ്രസവം. രണ്ടാണും അഞ്ച് പെണ്ണും അടക്കം ഏഴ് കുഞ്ഞുങ്ങൾ. സീസേറിയനായിരുന്നു. കുഞ്ഞുങ്ങൾ ആരോഗ്യത്തോടെയിരിക്കുന്നു. ആശുപത്രിയിൽ നിന്ന് തിരികെ പരിശീലന കേന്ദ്രത്തിലെത്തിയ അമ്മയും കുഞ്ഞുങ്ങളും പരിചരണത്തിലാണ്.
ലാബ്രഡോർ ഇനത്തിൽപെട്ട ജൂലിക്ക് നാലര വയസ്സാണ്. 2013 ലാണ് ജൂലി പൊലീസിൽ ചേർന്നത്. സ്ഫോടക വസ്തുക്കൾ മണം പിടിച്ച് കണ്ടെത്താൻ മിടുക്കിയാണ്. നേരത്തെ ജൂലിയോടൊപ്പമുള്ള ഹണിയും പ്രസവിച്ചിരുന്നു. കേന്ദ്രമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും തുടങ്ങിയ വി.വി.ഐ.പികളുടെ സുരക്ഷക്ക് ഇരുവരും നിർബന്ധമാണ്. സെപ്റ്റംബർ 10നാണ് ഹണി പ്രസവിച്ചത്. മൂന്നാണും നാല് പെണ്ണും.
കാർഷിക സർവകലാശാലയിലെ വിദഗ്ധരുടെ പ്രത്യേക മേൽനോട്ടത്തിലാണ് ഇവയുടെ പരിചരണം. ജൂലിയുടെയും ഹണിയുടെയും കുഞ്ഞുങ്ങൾ അടക്കം ലാബ്രഡോർ, ജർമൻ ഷെപ്പേഡ്, ഡോബർമാൻ ഇനത്തിലുളള 35 എണ്ണമുണ്ട് പരിശീലന കേന്ദ്രത്തിൽ. ഡോബർമാനാണ് വിലയിൽ മുമ്പൻ- 35,000 രൂപയിലേറെ വരും. ശ്വാനപ്രദർശനങ്ങളിൽ മെഡൽ നേടിയവക്ക് വില ഇനിയും കൂടും. കഞ്ചാവ് അടക്കമുള്ളവ കണ്ടെത്താനും ഒാൾ ഇന്ത്യ പൊലീസ് മീറ്റിലേക്കുള്ള പരിശീലനവും കേന്ദ്രത്തിൽ നടക്കുന്നുണ്ട്. ഒാരോ ജില്ലക്കുള്ള ഡോഗ് സ്ക്വാഡിനെയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.
2008 ജനുവരിയിലാണ് പൊലീസ് അക്കാദമിയിൽ ശ്വാനസേന പരിശീലനകേന്ദ്രം തുറന്നത്. 2010ൽ 12 നായ്ക്കളുടെ ആദ്യ ബാച്ച് പുറത്തിറങ്ങി. ആറുമാസം പ്രായമായശേഷം ഇവക്ക് ഔദ്യോഗിക പരിശീലനം ആരംഭിക്കുമെന്ന് അക്കാദമി അസി. ഡയറക്ടർ അനൂപ് കുരുവിള ജോൺ പറഞ്ഞു. ട്രെയിനിങ് സ്കൂളിെൻറ ചുമതല വഹിക്കുന്ന എസ്.ഐ പി. രമേശിനും ടീമിനുമാണ് ശ്വാനസേനയിലെ പുതിയ അംഗങ്ങളുടെയും സംരക്ഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.