ഡോളർ കടത്ത്: സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും
text_fieldsതിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫിസിലെത്തിക്കാൻ സ്പീക്കർ ആവശ്യപ്പെെട്ടന്ന് മൊഴി നൽകിയത് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ്. ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അടുത്ത ആഴ്ച നോട്ടീസ് നൽകി സ്പീക്കറെ കൊച്ചി ഓഫിസിലേക്ക് വിളിപ്പിക്കാനാണ് നീക്കം.
സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ സ്പീക്കറെ കൂടാതെ, പല പ്രമുഖരുടെയും പേരുകളുണ്ടായിരുന്നു. മജിസ്ട്രേറ്റിനുമുന്നിൽ മൊഴി ആവർത്തിച്ചതോടെയാണ് വിളിച്ചുവരുത്താൻ തീരുമാനിച്ചതെന്നാണ് സൂചന. ഉന്നതരുടെ പേരുകൾ ഉള്ളതിനാൽ തന്നെ മൊഴികളിൽ ആധികാരികത വരുത്താനാണ് മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയശേഷം തുടർ നടപടികളിലേക്ക് നീങ്ങുന്നത്. തങ്ങളെ ഫ്ലാറ്റിലേക്ക് സ്പീക്കർ വിളിച്ചുവരുത്തുകയും ഡോളർ അടങ്ങിയ ബാഗ് കൈമാറുകയുമായിരുന്നെന്നാണ് മൊഴി. ബാഗ് കോൺസുലേറ്റ് ജനറൽ ഓഫിസിലേക്കെത്തിക്കാനും നിർദേശിച്ചു. ഇതുപ്രകാരം ബാഗ് കോൺസുലേറ്റ് ജനറൽ ഓഫിസിൽ എത്തിച്ചെന്നും മൊഴിയിലുണ്ട്.
സ്വർണക്കടത്ത് പ്രതികളുമായി ചേർത്തുള്ള ആരോപണം ഉയർന്ന സമയം തന്നെ ഇതിനെതിരെ സ്പീക്കർ രംഗത്തുവന്നിരുന്നു. ഒരുതരത്തിലും സ്വർണക്കടത്തിൽ പങ്കാളിയാകുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്നയുമായി സൗഹൃദം മാത്രമായിരുന്നുവെന്നുമാണ് പറഞ്ഞത്.
അതേസമയം, കോൺസുലേറ്റ് ജനറലിെൻറയും അറ്റാഷെയുടെയും ഡ്രൈവർമാരെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരും ഓടിച്ച വാഹനങ്ങളിൽ ആരെല്ലാം യാത്ര ചെയ്തു, ഇവർ എവിടെയൊക്കെ സഞ്ചരിച്ചു, കോൺസുലേറ്റിന് പുറത്തുള്ള കൂടിക്കാഴ്ചകൾ തുടങ്ങിയവ അറിയുകയാണ് ലക്ഷ്യം. യു.എ.ഇ കോൺസുലേറ്റ് ജനറലും അറ്റാഷെയും ഇന്ത്യയിൽ ഇല്ലാത്തതിനാലാണ് ഡ്രൈവർമാരിൽനിന്ന് വിവരങ്ങൾ തേടുന്നത്. കേസിൽ സംസ്ഥാന അസി. പ്രോട്ടോകോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനും കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.