ഡോളർ കടത്ത്: ചോദ്യംചെയ്യാൻ അനുമതി തേടി കസ്റ്റംസ്
text_fieldsതിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ യു.എ.ഇ മുൻ കോൺസൽ ജനറൽ ഉൾപ്പെടെ വിദേശപൗരന്മാരെ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി കസ്റ്റംസ് കേന്ദ്ര സർക്കാറിന് മുന്നിൽ.
ഡോളർ കടത്ത് കേസിൽ പല നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. പല പ്രമുഖരും കോൺസുലേറ്റിലെ ഉന്നതരുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഡോളർ കടത്ത്. അതിനാൽ കോൺസുലേറ്റിലെ പ്രമുഖരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന റിപ്പോർട്ടാണ് കേന്ദ്ര ധനമന്ത്രാലയത്തിന് കസ്റ്റംസ് കൈമാറിയത്.
മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ്, ഫിനാൻസ് ഒാഫിസറായിരുന്ന ഖാലിദ് എന്നിവരെ ചോദ്യം െചയ്യേണ്ടത് അത്യാവശ്യമാണെന്നാണ് കസ്റ്റംസ് നിലപാട്. സ്വർണം ഇന്ത്യയിലേക്ക് കടത്തുകയും പകരം ഡോളർ കടത്തുകയും ചെയ്ത ഗുരുതര സാമ്പത്തിക കുറ്റമാണ് നടന്നത്.
ഇത് രാജ്യത്തിെൻറ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുന്നതാണ്. സ്വർണക്കടത്ത് അന്വേഷണവേളയിൽ അറ്റാഷെ ഉൾപ്പെടെ ചിലരെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
അന്വേഷണത്തിന് വിദേശ പൗരന്മാരെ ഇന്ത്യയിലെത്തിക്കുക എളുപ്പമെല്ലന്ന് കസ്റ്റംസിനും അറിയാം. ഫിനാൻസ് ഒാഫിസറായിരുന്ന ഖാലിദിനെ 1.9 ലക്ഷം ഡോളർ കടത്തിയ കേസിൽ പ്രതിയാക്കി ഇന്ത്യയിലെത്തിക്കാൻ നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഡോളര്‍ കടത്തില്‍ വ്യക്തത വരണമെങ്കില്‍ കോൺസൽ ജനറൽ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണം.
എത്ര ഡോളർ, എങ്ങനെ, ഏതൊക്കെ തീയതികളിൽ കടത്തിയെന്നതിൽ വ്യക്തത വരുത്താൻ ഇതിലൂടെയേ കഴിയൂ. ദിവസങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിൽ തടഞ്ഞ് കസ്റ്റംസ് കോൺസുലേറ്റ് ഉന്നതെൻറ ബാഗിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, പെൻഡ്രൈവ് എന്നിവയുടെ പരിശോധന നടക്കുകയാണ്.
സംസ്ഥാന സർക്കാറിലെ ഉന്നതരുടെ സഹായത്തോടെയല്ലാതെ ഇത്തരം കള്ളക്കടത്ത് നടക്കില്ലെന്ന് കസ്റ്റംസ് പറയുന്നു. കൂടുതൽ തെളിവ് ശേഖരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യാൻ വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.