മതിലിനോട് ചാരിയും റോഡിൽ തള്ളിയിട്ടും കുത്തി; അസൈനെ പോത്ത് ആക്രമിച്ചത് വയലിൽനിന്ന് അഴിച്ചുകൊണ്ടുവരുന്നതിനിടെ
text_fieldsമാവൂർ: കോഴിക്കോട് മാവൂരിൽ വയോധികനെ വളർത്തുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത് വയലിൽനിന്ന് അഴിച്ചുകൊണ്ടുവരുന്നതിനിടെ. മതിലിനോട് ചാരിയും റോഡിൽ തള്ളിയിട്ടും പോത്ത് ആക്രമിക്കുകയായിരുന്നു. മാവൂർ പനങ്ങോട് താമസിക്കും അരയങ്കോട് പള്ളിക്കണ്ടി അസൈനാണ് (70) തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്.
പനങ്ങോട്-മുണ്ടനട റോഡിൽ പൂക്കോട് താഴത്തായിരുന്നു സംഭവം. സമീപത്തെ വയലിൽ കെട്ടിയിട്ട പോത്തിനെ അഴിച്ചുകൊണ്ടുവരുന്നതിനിടെ അസൈനെ ആക്രമിക്കുകയായിരുന്നു. ഒരുഭാഗത്ത് വയലും മറുഭാഗത്ത് വീട്ടുമതിലും ആയതിനാൽ ഓടി രക്ഷപ്പെടാനായില്ല. മതിലിനോട് ചാരിയും റോഡിൽ തള്ളിയിട്ടും പോത്ത് ആക്രമിച്ചു. നിലവിളികേട്ട് ഓടിക്കൂടിയവർ പോത്തിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസങ്ങളിലും ഈ പോത്ത് ആക്രമണത്തിന് മുതിർന്നതായി പറയപ്പെടുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പോത്തിനെ തളച്ചത്. മാവൂർ പ്രിൻസിപ്പൽ എസ്.ഐ പി.എൻ. മുരളീധരന്റെ നേതൃത്വത്തിൽ മാവൂർ പൊലീസ് സ്ഥലത്തെത്തി.
ഭാര്യ: ബിച്ചിപാത്തു. മക്കൾ: ഹസീബ്, നജീബ്, ദുജാനത്ത്, നുസ്റത്ത്, ആഷിഖ, ഹസീന, ഫായിദ. മരുമക്കൾ: ലത്തീഫ് മലയമ്മ, മൻസൂർ ഓമശ്ശേരി, മുജീബ് മുക്കം, അസ് ലം പെരിന്തൽമണ്ണ, ഷഹീർ കിഴിശ്ശേരി, ഫർസാന പെരുമണ്ണ, റിഷാന മുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.