വീടകങ്ങളിൽ ചോര പടരുമ്പോൾ...
text_fieldsകണ്ണൂർ: സുരക്ഷിതത്വത്തിന്റെ വിളനിലമാകേണ്ട വീടകങ്ങളിൽ അരക്ഷിതാവസ്ഥയുടെ കാറ്റുവീശുന്നു. പരസ്പരം താങ്ങും തണലുമാകേണ്ടവരുടെ കൈകളിൽ ചോരപടരുന്നു. താളംതെറ്റിയ കുടുംബബന്ധങ്ങളുടെയും അറുകൊലകളുടെയും വാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്. മദ്യവും മയക്കുമരുന്നും സംശയരോഗവും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം കൊലക്ക് കാരണമാവുകയാണ്. പ്രാണനായി കാണേണ്ട മക്കളുടെയും പങ്കാളികളുടെയും മാതാപിതാക്കളുടെയുമെല്ലാം ജീവൻ ഒരുനിമിഷത്തെ കൈപ്പിഴയിൽ പൊലിയുന്നു. തിരിച്ചറിവിന്റെ വെളിച്ചമെത്തുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരിക്കും. ഉറ്റവരെ ഇല്ലാതാക്കിയ സങ്കടവും കുറ്റബോധവും പേറിയാണ് പ്രതികൾ കോടതി നടപടികൾക്കെത്തുന്നത്. തെളിവെടുപ്പുവേളയിൽ ആർത്തലച്ചുകരയുകയും നിശ്ശബ്ദത പേറിനിൽക്കുകയും ചെയ്യുന്നവർ ഇത്തരം കൊലപാതകങ്ങളുടെ ബാക്കിപത്രവുമാണ്.
കോവിഡ് മഹാമാരിയും രണ്ടുഘട്ടമായെത്തിയ ലോക്ഡൗണും സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെയും കെട്ടുറപ്പിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കും സംഘർഷങ്ങളും ഇക്കാലയളവിൽ കൂടുതലാണെന്നാണ് ഇതു സംബന്ധിച്ച് നടന്ന സർവേകൾ പറയുന്നത്. പരസ്പരം ഇടപെടാൻ കൂടുതൽ സമയം ലഭിച്ചുവെന്നതാണ് ഇതിനുകാരണമായി വിദഗ്ധർ പറയുന്നത്.
രണ്ട് വർഷം അമ്പതോളം കേസുകൾ
കുടുംബങ്ങളിൽനിന്ന് അപകടകരമായി പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്ത അമ്പതോളം കേസുകളാണ് രണ്ടുവർഷത്തിനിടെ റിപ്പോർട്ട് ചെയ്തത്. പഴയങ്ങാടിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. മാടായി കോഴിബസാറിലെ മുൻ പ്രവാസി പയ്യനാട്ട് ഉത്തമനാണ് ബുധനാഴ്ച മരിച്ചത്. കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ 10നാണ് ഭാര്യ പനച്ചിക്കൽ പ്രേമയെ വെട്ടിപ്പരിക്കേൽപിച്ച് ഉത്തമൻ ആത്മഹത്യക്ക് ശ്രമിച്ചത്.
പെരിങ്ങത്തൂർ പുല്ലൂക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മൂന്നാഴ്ച മുമ്പാണ്. സാമ്പത്തിക പ്രശ്നങ്ങളും മദ്യവും സംശയരോഗവുമാണ് കൊലക്ക് പിന്നിലെന്ന് പ്രതി തന്നെ സമ്മതിച്ചിരുന്നു. പടിക്കൂലോത്ത് രതിയെന്ന 51കാരിയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് രവീന്ദ്രൻ പിടിയിലായി. രതിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോൾ ആയുധവുമായി വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്ന രവീന്ദ്രനെയാണ് കണ്ടത്.
അഞ്ചരക്കണ്ടിയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത് കഴിഞ്ഞമാസമാണ്. പനയത്താംപറമ്പ് സ്വദേശി പ്രമ്യയാണ് കഴുത്തിന് കുത്തേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലായത്. ഓടിരക്ഷപ്പെട്ട പ്രതിയെ ചക്കരക്കല്ല് പൊലീസ് അറസ്റ്റുചെയ്തു.
ഡിസംബർ ആദ്യവാരത്തിൽ വീട്ടമ്മയെയും മകളെയും വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ അറസ്റ്റിലായത് ഭർത്താവാണ്.
പ്രതി രവീന്ദ്രനെതിരെ ഭാര്യ പ്രവിദ നേരത്തെ പലവട്ടം ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിൽ സംരക്ഷണ ഉത്തരവ് കിട്ടിയ ശേഷമാണ് പ്രവിദ ആക്രമിക്കപ്പെട്ടത്. നേരത്തെ ഗൾഫിലായിരുന്ന രവീന്ദ്രൻ 2009ൽ നാട്ടിലെത്തിയതു മുതൽ, സംശയരോഗത്തിന്റെ പേരിൽ ഭാര്യയെയും മകളെയും തുടർച്ചയായി പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഇരിട്ടി കരിക്കോട്ടക്കരി പതിനെട്ടേക്കറയിലെ കായംമാക്കല്‍ മറിയക്കുട്ടിയെ സ്വന്തം വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വഴക്കിനിടെ മരുമകൾ എൽസി മറിയക്കുട്ടിയെ പിടിച്ചുതള്ളുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ചെങ്കിലും ആ മാതാവിനുനേരെ സഹായത്തിന്റെ കരങ്ങൾ നീണ്ടില്ല. പകരം വീണ്ടും ആക്രമിക്കുകയായിരുന്നു. മകൻ സ്ഥലത്തില്ലാത്തപ്പോഴാണ് മരുമകളുടെ ക്രൂരത.
2019 നവംബർ 17ന് ചമ്പാട് മനേക്കര റോഡില്‍ ദമ്പതികളുടെ മരണം നാടിനെ നടുക്കിയിരുന്നു. ഭാര്യ നിര്‍മലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഗൃഹനാഥന് കുണ്ടുകുളങ്ങരയില്‍ പരോറത്ത് കുട്ടികൃഷ്ണൻ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു. ഭാര്യ വീടിനുള്ളില്‍ വീണുപരിക്കേറ്റെന്ന് അയല്‍വാസികളോട് പറഞ്ഞശേഷം അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിര്മലയെയും കൊണ്ട് അയല്‍വാസികള്‍ ആശുപത്രിയിലേക്കുപോയ ശേഷമാണ് കുട്ടികൃഷ്ണന് തൂങ്ങിമരിച്ചത്.
ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ വയോധികരും ക്രൂരമായ പീഡനത്തിന് ഇരയാകുന്നത് വർധിച്ചുവരുകയാണ്. സ്വത്ത് എഴുതിക്കൊടുക്കാത്തതിന്റെ വിരോധത്തിൽ അമ്മയെ പെൺമക്കൾ ഉൾപ്പെടെ മർദനത്തിനിരയാക്കിയതും കഴിഞ്ഞ മാസമാണ്. പെൺമക്കൾ ഉൾപ്പെടെ നാലുമക്കള്ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തിരുന്നു. 10 മക്കൾക്ക് ജന്മം നൽകിയ, മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മക്കാണ് (75) ഈ ദുർവിധി.
ഭക്ഷണം ലഭിക്കാതെ ആമാശയം ചുരുങ്ങിയാണ് കണ്ണൂര്‍ നഗരത്തിൽ മക്കാനി സ്വദേശി അബ്ദുല്‍ റാസിഖിന് ഡിസംബറിൽ ജീവൻ നഷ്ടമായത്. മക്കളും ഭാര്യയും കൂടെയുണ്ടായിട്ടും വയോധികന്റെ പട്ടിണി മരണം ഞെട്ടലോടെയാണ് നഗരമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.