ഇടുക്കി ജില്ലയിൽ ഗാർഹിക പീഡനങ്ങൾ വർധിക്കുന്നു
text_fieldsതൊടുപുഴ: ജില്ലയിൽ ഗാർഹിക പീഡനങ്ങൾ വർധിക്കുന്നു. വനിത ശിശുവികസന വകുപ്പിന് മുന്നിലെത്തുന്ന പരാതികൾ മുൻവർഷങ്ങളെക്കാൾ കൂടുതലാണ്. പൈനാവിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫിസ്, സഖി വൺ സ്റ്റോപ് സെന്റർ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി ഈ വർഷം 516 ഗാർഹിക പീഡന പരാതിയാണ് ലഭിച്ചതെന്ന് വനിത സംരക്ഷണ ഓഫിസർ എ.എസ്. പ്രമീള പറഞ്ഞു.
സേവന കേന്ദ്രങ്ങളിൽ 118ഉം വനിത സംരക്ഷണ ഓഫിസിൽ 219ഉം സഖി വൺ സ്റ്റോപ് സെന്ററിൽ 179ഉം പരാതിയാണ് ലഭിച്ചത്. ഒക്ടോബർ 31വരെയുള്ള കണക്കാണിത്. 2023ലെ പരാതികളുടെ ആകെ എണ്ണം 546 ആയിരുന്നു. പരാതികളിൽ 96 ശതമാനം ലഹരി ഉപയോഗം മൂലമുള്ള ആക്രമണങ്ങളാണ്. മാനസികാരോഗ്യക്കുറവ് കാരണമുണ്ടാകുന്ന സംശയങ്ങളും ഗാർഹിക പീഡനങ്ങൾക്ക് കാരണമാകുന്നു. സ്ത്രീധനം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിലും കുറവാണ്. കുട്ടികളോടുള്ള പെരുമാറ്റത്തിലെ അപാകതകളും പരാതികളിലുണ്ട്. സൈബർ കേസുകൾ രണ്ടെണ്ണം മാത്രമാണ് ഈ വർഷം ഉണ്ടായത്.
പരാതി ലഭ്യമായാൽ വകുപ്പ് രണ്ടുകൂട്ടരെയും വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ച നടത്തും. ആവശ്യമെന്ന് തോന്നിയാൽ കൗൺസലിങ് ലഭ്യമാക്കും. ഇവക്കൊന്നും തയാറായില്ലെങ്കിൽ പരാതിക്കാരിയുടെ സമ്മതത്തോടെ നിയമ നടപടിക്കായി കോടതിയിലേക്ക് വിടും. ആവശ്യമായ നിയമസഹായം സൗജന്യമായി ലഭ്യമാക്കും. 178 പേർക്കാണ് വകുപ്പ് കൗൺസലിങ് നൽകിയത്. പോകാനിടമില്ലാത്ത 200ലേറെപ്പേർക്ക് അഭയകേന്ദ്രമൊരുക്കി നൽകി. ഇതിൽ 72ഉം സഖി വൺ സ്റ്റോപ് സെന്ററിലെത്തിയ പരാതികളിലാണ്.
കട്ടപ്പന സെന്റ് ജോൺ ഓഫ് ഗോഡ്, പൈനാവ് കുയിലിമല ആശ്രയ എന്നിങ്ങനെ രണ്ട് അഭയകേന്ദ്രങ്ങളുണ്ട് (ഷെൽറ്റർ ഹോം). തൊടുപുഴ സേവിയർ ഹോം, അടിമാലി സോപാനം, കുമളി വെസാർഡ് എന്നിവയും വനിത വികസന കൗൺസിലിന് കീഴിൽ ചെറുതോണിയിൽ പ്രവർത്തിക്കുന്ന കേന്ദ്രവുമുൾപ്പെടെ നാല് സേവന കേന്ദ്രമാണ് ജില്ലയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.