നിയമപരമായി വിവാഹിതരല്ലെങ്കിൽ ഗാർഹിക പീഡന കുറ്റം നിലനിൽക്കില്ല -ഹൈകോടതി
text_fieldsകൊച്ചി: നിയമപരമായി വിവാഹിതരല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കോ ബന്ധുക്കൾക്കോ എതിരെ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈകോടതി. നിയമപ്രകാരം വിവാഹിതരല്ലാത്തതിനാൽ ഭാര്യ-ഭർതൃ ബന്ധം നിലനിൽക്കുന്നില്ലെന്നും പങ്കാളിയെ ഭർത്താവായി കണക്കാക്കാനാവില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ നിരീക്ഷണം.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസും കോടതി റദ്ദാക്കി.ആദ്യ വിവാഹബന്ധം വേർപെടുത്താത്ത യുവതിയും ഹരജിക്കാരനും 2009ലാണ് ഒന്നിച്ച് താമസം തുടങ്ങിയത്. രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്ന് 2013ൽ കുടുംബ കോടതിയുടെ വിധിയുമുണ്ട്.
ഒരുമിച്ചു ജീവിച്ച കാലഘട്ടത്തിൽ ഹരജിക്കാരൻ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ, ഭർത്താവോ ഭർതൃബന്ധുക്കളോ ഉപദ്രവിക്കുന്നത് മാത്രമാണ് ഗാർഹിക പീഡന നിയമവ്യവസ്ഥയുടെ നിർവചനത്തിൽ വരുന്നതെന്നും ഭർത്താവല്ലാത്ത തനിക്കെതിരെ ഇത് നിലനിൽക്കില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവുകളടക്കം വിലയിരുത്തിയ കോടതി യുവാവിന്‍റെ വാദം ശരിെവച്ച് കേസിന്‍റെ തുടർ നടപടികൾ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.