സ്റ്റേഷനിൽ എത്തുന്നവരെ കാണാൻ വൈകരുത്; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഡി.ജി.പി
text_fieldsതിരുവനന്തപുരം: സ്റ്റേഷനുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് പൊലീസിന്‍റെ സേവനം കൃത്യമായി ലഭിക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് ഉത്തരവായി. സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണ കാലതാമസം ഉണ്ടാകാൻ പാടില്ല. സേവനം വേഗം ലഭിക്കുന്നെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഉറപ്പാക്കണം. എസ്.എച്ച്.ഒയുടെ അഭാവത്തിൽ പരാതിക്കാരെ നേരിൽ കാണാൻ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.
പരാതി ലഭിച്ചാൽ ഉടൻ കൈപ്പറ്റ് രസീത് നൽകണം. നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യമല്ലെങ്കിൽ പ്രാഥമിക അന്വേഷണത്തിനായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ പേരുവിവരം പരാതിക്കാരനെ അറിയിക്കുകയും വേണം. അന്വേഷണം പൂർത്തിയാകുമ്പോൾ പരാതിക്കാരന് കൃത്യമായ മറുപടിയും നൽകണം.
പരാതി നേരിട്ട് കേസ് എടുക്കാവുന്നതാണെങ്കിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും എഫ്.ഐ.ആറിന്‍റെ പകർപ്പ് പരാതിക്കാരന് സൗജന്യമായി നൽകുകയും വേണം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം പരാതിക്കാരനെ അറിയിക്കണം.
അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയാൽ അക്കാര്യവും അറിയിക്കണം. പൊലീസ് സ്റ്റേഷനിൽ എത്തുന്ന മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ, അവശത നേരിടുന്ന മറ്റു വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുകയും അവരുടെ ആവശ്യങ്ങളിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കുകയും വേണം.
നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നെന്ന് ജില്ല പൊലീസ് മേധാവിമാരും യൂനിറ്റ് മേധാവിമാരും ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
വിവിധ ആവശ്യങ്ങൾക്കായി െപാലീസ് സ്റ്റേഷനിൽ വരുന്നവരോടും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഇടപെടേണ്ടിവരുന്നവരോടും മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന് നേരത്തേ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായത് ശ്രദ്ധയിൽപ്പെട്ടെന്ന് ഡി.ജി.പി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും സ്വയം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനും സേനാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മറ്റ് നിർദേശങ്ങൾ
പൊലീസ് സ്റ്റേഷനിൽ എത്തുന്നവരുടെ ആവശ്യം മനസ്സിലാക്കി അവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിലെത്തിച്ച് നടപടികൾ വേഗത്തിലാക്കേണ്ട ചുമതല സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫിസർക്കാണ്.
• പി.ആർ.ഒമാർ പരാതി നേരിട്ട് അന്വേഷിക്കുകയോ പരിഹാരം നിർദേശിക്കുകയോ ചെയ്യരുത്. പി.ആർ.ഒമാർ ചുമതല കൃത്യമായി നിർവഹിക്കുന്നെന്ന് എസ്.എച്ച്.ഒമാർ ഉറപ്പുവരുത്തണം.
സ്റ്റേഷനുകളിൽ സ്ഥാപിച്ച കാമറകൾ പ്രവർത്തനക്ഷമമാണെന്ന് എസ്.എച്ച്.ഒമാർ ദിവസേന ഉറപ്പുവരുത്തണം. പ്രവർത്തിക്കാത്ത കാമറകളുടെ വിവരം ജില്ല പൊലീസ് മേധാവിമാരുടെ ശ്രദ്ധയിൽപ്പെടുത്തി പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കണം.
പൊതുജനങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈൽ നമ്പറിൽ ബന്ധപ്പെടുമ്പോൾ മാന്യമായി ഇടപെടുകയും ആവശ്യങ്ങൾ മനസ്സിലാക്കി യുക്തമായ നടപടി സ്വീകരിക്കുകയും വേണം.
•ഒഴിച്ചുകൂടാനാവാത്ത സന്ദർഭങ്ങളിലൊഴികെ ഏതുസമയത്തും ഔദ്യോഗിക ഫോണിൽ വരുന്ന കാളുകൾ ഉദ്യോഗസ്ഥർ സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.