'ഇത്രക്ക് പേടി പാടില്ല, മുഖ്യമന്ത്രിയ്ക്ക് സിംഗിൾ ചങ്ക് തന്നെ ഉണ്ടോ എന്ന് സംശയം'
text_fieldsതിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ മുഖ്യമന്ത്രിയ്ക്കും ഗവർണർക്കുമെതിരെ രൂക്ഷ വിമർശനവുമായി വടകര എം.പി കെ. മുരളീധരൻ. ഒരു ഗവർണർ എത്രമാത്രം തരംതാഴാം എന്ന് ഗവർണർ തെളിയിച്ചുെവന്നും അദ്ദേഹം പറഞ്ഞു.. ഈ സ്ഥിതിയ്ക്ക് സർക്കാരും ഉത്തരവാദിയാണെന്നും തുടക്കം മുതൽ എല്ലാം നടത്തി കൊടുത്തതിന്റെ കുഴപ്പമാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
സെക്രട്ടറിയെ മാറ്റാൻ ആവശ്യപ്പെട്ടില്ലെന്ന് ഗവർണർ പറയുന്നു. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ഇത് വ്യക്തമാക്കണം. വിയോജന കുറിപ്പ് കൊടുക്കുകയല്ല സർക്കാർ ചെയ്യേണ്ടിയിരുന്നത് ഫയൽ തിരിച്ചയക്കണമായിരുന്നു. നയപ്രഖ്യാപനം നടത്താൻ മാത്രം ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടിയിരുന്നില്ല. പൂച്ചയെ കണ്ട് പേടിച്ചാൽ പുലിയെ കാണുമ്പോഴുള്ള അവസ്ഥ എന്താകും. മുഖ്യമന്ത്രിയ്ക്ക് ഇരട്ടച്ചങ്കൊന്നും ഇല്ല, സിംഗിൾ ചങ്ക് എന്ന് തന്നെ ഉണ്ടോ എന്ന് സംശയമാണ്. ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പേടിച്ചാൽ അമിത് ഷായിൽ നിന്ന് എങ്ങനെ ജനങ്ങളെ രക്ഷിക്കുമെന്നും മുരളീധരൻ പരിഹസിച്ചു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വഴിപാട് പോലെയായി. പ്രതിപക്ഷം ഇറങ്ങിപ്പോയി, ഭരണപക്ഷം കൈയടിച്ചില്ല. പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. യു ഡി എഫ് സർക്കാരാണ് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കൊണ്ടുവന്നത്. ഇടതുപക്ഷം വന്നപ്പോഴാണ് ഇതിൽ കൂടുതൽ ഇളവുകൾ വന്നത്. അതാണ് ഗവർണർക്ക് വിമർശിക്കാൻ ഇട നൽകിയത്. ഗവർണറുടെ ഭീഷണിയ്ക്ക് വഴങ്ങി വിഷയം പുനർ പരിശോധിക്കരുത്. അനാവശ്യ ഭീഷണി തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് ധീരത വേണം.
പ്രതിപക്ഷ നേതാവിനെതിരെയുള്ള ഗവർണറുടെ പരാമർശത്തെയും മുരളീധരൻ വിമർശിച്ചു. എല്ലാ ജോലിയും ഗവർണർ ചെയ്യുന്നു. ബിജെപി നേതാക്കൾക്ക് പണിയില്ലാതായി. ഗവർണറെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറായാൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകും. ശക്തമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിലെ ഇടപെടൽ ഗവർണറുടെ ജോലിയല്ല. വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് സ്ഥാനം ഒഴിഞ്ഞിട്ട് വേണം. ഉന്നത സ്ഥാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ രാജ്ഭവനെ കരുവാക്കരുത്.ഗവർണർ പദവി ആവശ്യമില്ലാത്തതെന്ന് പറയുന്നില്ല. പക്ഷെ പരിമിതികൾ മനസ്സിലാക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.