മെഡിസെപ്പിൽ ഒന്നും വൈകരുത്; നവജാത ശിശുക്കളുടെ പേര് 180 ദിവസത്തിനകം നൽകണം
text_fieldsതിരുവനന്തപുരം: നവജാത ശിശുക്കൾ, നവദമ്പതിമാർ എന്നിവരുടെ പേര് മാത്രമേ പുതുതായി മെഡിസെപ്പിൽ ആശ്രിതരായി ഉൾപ്പെടുത്താനാകൂവെന്ന് ധനവകുപ്പ് വ്യക്തമാക്കി. നവജാത ശിശുക്കളെ ജനിച്ച് 180 ദിവസത്തിനകം മെഡിസെപ് പോർട്ടലിൽ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണം. നവദമ്പതിമാർ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം പങ്കാളിയുടെ പേര് ചേർക്കണം. ജീവനക്കാർക്കും പെൻഷൻകാർക്കും മറ്റ് ആശ്രിതരുടെ പേരുകൾ പുതുതായി ചേർക്കാനാകില്ല. 2022 ആഗസ്റ്റ് 25നാണ് തിരുത്താൻ നൽകിയ അവസാന സമയം. വീണ്ടും ഇതിനായി അപേക്ഷ വന്ന സാഹചര്യത്തിലാണ് ധനവകുപ്പ് വിശദീകരണം.
മെഡിസെപ്പുമായി ബന്ധപ്പെട്ട് ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പിലോ ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനി ഓഫിസിലോ കത്ത്/മെയിൽ വഴി ലഭിക്കുന്ന പരാതികൾ ഇനി സ്വീകരിക്കില്ല. പരാതികൾ മെഡിസെപ് വെബ്സൈറ്റിലെ ഗ്രിവൻസ് ലിങ്കിലെ ലെവൽ ഒന്ന്, രണ്ട്, ഗ്രിവൻസ് ഫില്ലിങ് മെനുവിൽ നിർദേശിച്ച പ്രകാരം സമർപ്പിക്കണം.
വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ അടിയന്തര സാഹചര്യത്തിൽ മാത്രം എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സക്കും ശസ്ത്രക്രിയകൾക്കും വ്യവസ്ഥകൾക്ക് വിധേയമായി പണം തിരിച്ച് നൽകും. മെഡിസെപ് വെബ്സൈറ്റ് ഡൗൺലോഡ് ലിങ്കിൽ ഫോറം ലഭിക്കും. ഇത് സ്കാൻ ചെയ്ത് medisep@orientalinsurance.co.in എന്ന വിലാസത്തിൽ അയക്കണം. പകർപ്പ് info.medicep@kerela.gov.in ലും അയക്കണം.
ജീവനക്കാരന്‍റെ മെഡിസെപ് ഐ.ഡി സ്ഥിരമായിരിക്കും. ഒരു ജീവനക്കാരൻ പുതിയ സ്ഥാപനത്തിലേക്ക് മാറിയാൽ അതിൽ നിന്ന് പരിശോധിച്ച ശേഷം മെഡിസെപ് വിഹിതം ഈടാക്കും. അതത് ഓഫിസർമാർ ഇത് ഉറപ്പാക്കണം. ജീവനക്കാരന് ഒന്നിലധികം മെഡിസെപ് ഐ.ഡി കിട്ടുന്നതും കമ്പനിക്ക് ഒന്നിലധികം തവണ വിഹിതം ലഭിക്കുന്നതും ഒഴിവാക്കാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.