'രാമക്ഷേത്ര പ്രതിഷ്ഠക്കുള്ള ക്ഷണം നിരസിക്കാൻ ഇനിയും വൈകരുത്’; എ.ഐ.സി.സി വിലക്ക് ലംഘിച്ച് വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസ് നിരസിക്കണമെന്നും തീരുമാനം വൈകുന്നത് കോൺഗ്രസിനും മതേതര പ്രസ്ഥാനങ്ങൾക്കും ക്ഷീണമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വിഷയത്തിൽ അഭിപ്രായം പറയുന്നതിന് എ.ഐ.സി.സി ഏർപ്പെടുത്തിയ വിലക്ക് മറികടന്നാണ് മാധ്യമങ്ങളോട് സുധീരന്റെ പ്രതികരണം.
എ.ഐ.സി.സി വിലക്ക് സംബന്ധിച്ച ചോദ്യത്തിന് ഈ വക കാര്യങ്ങൾ അങ്ങനെ കൈകാര്യം ചെയ്യാൻ പറ്റില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം കെ.പി.സി.സി യോഗത്തിലുന്നയിച്ച വിമർശനം വി.എം. സുധീരൻ മാധ്യമങ്ങൾക്കു മുന്നിലും ആവർത്തിച്ചു. സുധീരന്റെ വിമർശനം പുച്ഛിച്ച് തള്ളുന്നെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണത്തിന് പിന്നാലെയാണ് സുധീരൻ രണ്ടും കൽപിച്ച് രംഗത്തുവന്നത്. കെ.പി.സി.സിയെ മാത്രമല്ല, രാഹുൽ, സോണിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരെയും പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ സമ്പത്ത് അദാനിക്ക് അടിയറ വെക്കുന്ന മോദി പറയുന്നത് ഞങ്ങൾ നടപ്പാക്കുന്നത് കോൺഗ്രസ് നയമാണ് എന്നാണ്. മൃദുഹിന്ദുത്വം സ്വീകരിച്ച സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെടുകയാണ് ചെയ്തത്. ചിന്തൻ ശിബിരിന്റെ സമയത്ത് സോണിയ ഗാന്ധിക്ക് ഇക്കാര്യങ്ങൾ വിശദീകരിച്ച് കത്തെഴുതിയിരുന്നു. നെഹ്റുവിന്റെയും ഇന്ദിരയുടെയും മതേതരത്വ, സാമ്പത്തിക നയങ്ങളിലേക്ക് കോൺഗ്രസ് മടങ്ങണം. രാമക്ഷേത്ര പ്രതിഷ്ഠക്ക് ക്ഷണം കിട്ടിയപ്പോഴേ നിരസിക്കേണ്ടതായിരുന്നു. രാമന്റെ പേരിൽ വർഗീയത വളർത്തി ആളെക്കൂട്ടാൻ ശ്രമിക്കുമ്പോൾ തിരിച്ചറിഞ്ഞ് കൈയോടെ ക്ഷണം തള്ളുകയാണ് വേണ്ടിയിരുന്നത്. ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല. പങ്കെടുത്താൽ അതു നരേന്ദ്ര മോദിയുടെ കെണിയിൽ വീഴുകയാണ്. അതിന്റെ ഗുണഭോക്താവ് മോദിയും സംഘ്പരിവാറും മാത്രമായിരിക്കുമെന്നും സുധീരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.