എൻഡോസൾഫാൻ: സാങ്കേതിക കാരണങ്ങളുടെ പേരിൽ ഇരകളുടെ ആനുകൂല്യം നിഷേധിക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: സാങ്കേതിക കാരണങ്ങളുടെ പേരിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ഹൈകോടതി. നിസ്സാര എതിർപ്പുകളുന്നയിച്ച് വായ്പ എഴുതിത്തള്ളലടക്കം ആനുകൂല്യങ്ങൾ നൽകാതിരിക്കരുതെന്നും ദുരിതബാധിതരുടെ ദയനീയാവസ്ഥ സർക്കാറിനോ കോടതിക്കോ കാണാതിരിക്കാനാവില്ലെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
എൻഡോസൾഫാൻ ദുരിത ബാധിതയായി ജീവിച്ച് മരിച്ച കാസർകോട് സ്വദേശിനി ആൻ മരിയയെന്ന 17കാരിയുടെ ചികിത്സ ആവശ്യത്തിനെടുത്ത ബാങ്ക് വായ്പ പൂർണമായും എഴുതിത്തള്ളാതിരുന്ന സർക്കാർ നിലപാടിനെതിരെ മാതാവ് റെസിമോൾ നൽകിയ ഹരജിയാണ് കോടതി തീർപ്പാക്കിയത്. വായ്പ പൂർണമായും എഴുതിത്തള്ളാനും കോടതി നിർദേശിച്ചു. ആൻ മരിയയുടെ കുടുംബം എടുത്ത രണ്ട് വായ്പയിൽ ഒന്ന് 2011 ജൂൺ 30ന് ശേഷമുള്ളതാണെന്നും മറ്റൊന്ന് മുത്തച്ഛന്റെ പേരിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എഴുതിത്തള്ളാൻ വിസമ്മതിച്ചത്.
രണ്ട് വായ്പയിലായി 2,72,000 രൂപയാണ് പൊതുമേഖല ബാങ്കിൽ അടക്കാനുണ്ടായിരുന്നത്. ഇതിൽ 88,400 രൂപ എഴുതിത്തള്ളി. ബാക്കി തുകയുടെ കാര്യത്തിലാണ് സാങ്കേതിക കാരണം പറഞ്ഞ് എതിർപ്പുന്നയിച്ചത്. ദുരിത ബാധിതർക്ക് അഞ്ചുലക്ഷം വീതം സഹായധനം അനുവദിക്കാൻ ദേശീയ മനുഷ്യാവകാശ കമീഷന്‍റെ നിർദേശമുണ്ടായിരുന്നുവെന്ന് കോടതി ഓർമിപ്പിച്ചു. സ്വയം സംരക്ഷണത്തിന് സാധ്യമല്ലാത്തവർക്ക് സഹായം നൽകാൻ സർക്കാറിനും ബാധ്യതയുണ്ട്. കുടുംബം അനുഭവിച്ച ദുരിതങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ വിഷയത്തിൽ എതിർപ്പുന്നയിക്കുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.