സമരം ചെയ്ത് കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കരുത് –മന്ത്രി ഗണേഷ്കുമാർ
text_fieldsകൊട്ടാരക്കര: സമരങ്ങൾ തുടർന്നാൽ കെ.എസ്.ആർ.ടി.സി നശിച്ചുപോകുമെന്നും തൊഴിലാളികൾ സഹകരിച്ചാൽ കെ.എസ്.ആർ.ടി.സിയെ വിജയിപ്പിക്കാമെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. സത്യപ്രതിജ്ഞക്ക് പുറപ്പെടുംമുമ്പ് വാളകത്തെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയലാഭത്തോടെ സമരംചെയ്താൽ അനുഭവിക്കുന്നത് തൊഴിലാളികളാകും. കെ.എസ്.ആർ.ടി.സി ജീവനക്കാർ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഇല്ലായ്മ ചെയ്യുകയാണെന്ന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും. സർക്കാറിന്റെ മുഖമായ കെ.എസ്.ആർ.ടി.സിയിൽ ക്രമക്കേടുകൾ കണ്ടാൽ തിരുത്തും. കണക്കുകൾ സൂക്ഷ്മമായി പരിശോധിക്കും.
സാമ്പത്തിക ക്രമക്കേടുകൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഗ്രാമങ്ങളിലേക്കും ബസോടിക്കുന്ന പദ്ധതി മുഖ്യമന്ത്രിയുടെ സമ്മതത്തോടെ നടപ്പാക്കുമെന്നും കെ.എസ്.ആർ.ടി.സി മാത്രമല്ല സ്വകാര്യ ബസുകളെക്കൂടി ഉൾപ്പെടുത്തിയാകും പദ്ധതിയെന്നും മുൻമന്ത്രി നടത്തിയ പരിഷ്കാരങ്ങളെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾക്ക് പുഷ്പാർച്ചന നടത്തിയാണ് കെ.ബി. ഗണേഷ്കുമാർ വെള്ളിയാഴ്ച സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
മാതാവ് വത്സല ബാലകൃഷ്ണന്റെ നാലാമത് ചരമവാർഷികമായിരുന്നു വെള്ളിയാഴ്ച. രാവിലെ വാളകത്ത് വീട്ടുവളപ്പിലെത്തി പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി. ഭാര്യ ബിന്ദു, സഹോദരി ബിന്ദു ബാലകൃഷ്ണൻ, സഹോദരീഭർത്താവ് സി. ബാലകൃഷ്ണൻ, കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി പ്രേംജിത്, ജില്ല പ്രസിഡന്റ് എ. ഷാജു, പ്രഭാകരൻ നായർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.