എൽ.ഡി.എഫ് സർക്കാർ തൊഴിലാളിയെ മറക്കരുത്; ആദ്യം ചിന്തിക്കേണ്ടത് വിശക്കുന്നവനെപ്പറ്റി -ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ തൊഴിലാളിയെ മറക്കാൻ പാടില്ലെന്ന് സി.പി.ഐ നേതാവും എ.ഐ.ടി.യു.സി ദേശീയ വർക്കിങ് പ്രസിഡന്‍റുമായ ബിനോയ് വിശ്വം എം.പി. നയം നടപ്പാക്കുമ്പോൾ വാഗ്ദാനങ്ങൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് സമരത്തിൽ സംസാരിക്കവെയാണ് ഇടത് സർക്കാറിനെ ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചത്.
സർക്കാറിന്‍റെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വേണം. അല്ലെങ്കിൽ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാൻ നമ്മൾ പ്രതിജ്ഞയെടുത്ത ഈ സർക്കാറിനോട് ഈ പോക്ക് ശരിയല്ലെന്ന് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
നാം സർക്കാറിനെ ദുർബലമാക്കാൻ ശ്രമിക്കുന്നവരല്ല. വെളിച്ചത്തിന്‍റെ കാവൽക്കാരാകേണ്ട, വെളിച്ചം ഉയർത്തി പിടിക്കുമെന്ന് പറഞ്ഞ സർക്കാറിന് പ്രതിജ്ഞ പാലിക്കാൻ സാധിക്കണം. എൽ.ഡി.എഫിലെ ഖജനാവിലെ പണം പങ്കുവെക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് വിശക്കുന്നവനെപ്പറ്റിയാണ്. വിശക്കുന്നവർ, കാത്തിരിക്കുന്നവർ, ദുർബലരായവർ അടക്കം പതിനായിരക്കണക്കിന് പേർ ഇവിടെയുണ്ട്. ആ പതിനായിരങ്ങൾ എൽ.ഡി.എഫിന്‍റെ കരുത്തെന്ന് മറക്കാൻ പാടില്ല.
വിഭവങ്ങൾ കുറവും പരിമിതവുമാണെങ്കിലും അത് പങ്കുവെക്കുമ്പോൾ എൽ.ഡി.എഫ് സർക്കാർ തൊഴിലാളിയെ മറക്കാൻ പാടില്ല. പരമ്പരാഗത മേഖലെയും പൊതുമേഖലയെയും പാവങ്ങളെയും മറക്കാൻ പാടില്ല. ഇവരെ പരിരക്ഷിക്കാനായി പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷമെന്ന് എല്ലാവർക്കും ബോധ്യമുണ്ട്. ആ ബോധ്യം സർക്കാറിനും ഉണ്ടാവണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
സെക്രട്ടറിയേറ്റിൽ ഇരിക്കുന്നവർ നമ്മുടെ സഖാക്കളും സുഹൃത്തുക്കളും ബന്ധുക്കളും നേതാക്കളുമാണ്. അവരോട് സ്നേഹമുണ്ട്. വന്ന വഴി മറക്കരുതെന്നാണ് അവരോട് പറയാനുള്ളത്. നാളെ പോകേണ്ട വഴിയും മറക്കാൻ പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.