‘ഹിപ്നോട്ടിക് ഡ്രഗി’ൽ മയങ്ങരുത്
text_fieldsകൊച്ചി: സിന്തറ്റിക് മയക്കുമരുന്നുകൾ പിടിമുറുക്കുമ്പോൾ ‘ഹിപ്നോട്ടിക് ഡ്രഗ്’ എന്ന് കുപ്രസിദ്ധി നേടിയ നൈട്രാസെപാം ഗുളികകൾ ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകം.
ഓരോ മാസവും ജില്ലയിലെ വിവിധയിടങ്ങളിൽനിന്നായി എക്സൈസ്, പൊലീസ് സംഘങ്ങൾ ഇതുമായി കുറ്റവാളികളെ പിടികൂടുന്നുണ്ട്. അതിഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഈ ലഹരി ഗുളികകൾ. കുറഞ്ഞ ചെലവിൽ കൂടുതൽ ലഹരി എന്ന നിലയിലാണ് യുവാക്കൾ ഇതിലേക്ക് ആകൃഷ്ടരാകുന്നത്. നൈട്രാസെപാം ഗുളികകളുടെ വിതരണക്കാരായ ‘പടയപ്പ ബ്രദേഴ്സ്’ കഴിഞ്ഞ വർഷം കൊച്ചിയിൽ അറസ്റ്റിലായിരുന്നു.
നഗരത്തിൽ ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർഥികളും യുവതിയുമാക്കളുമാണ് പ്രധാനമായും നൈട്രാസെപാമിന്റെ ഇരയാക്കപ്പെടുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ടെസ്റ്റ് ഡോസ് സൗജന്യമായി നൽകി യുവാക്കളെ ആകർഷിക്കുന്ന ലഹരി സംഘങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു.
ഗുളികകൾ കഴിച്ചാൽ കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉന്മേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരക്കാർ ഇരകളെ പിടിക്കുന്നത്. ഇത്തരക്കാരെ പിടികൂടാൻ കർശന നിരീക്ഷണമാണ് ഉദ്യോഗസ്ഥർ നടത്തിവരുന്നത്. 142.3 ഗ്രാം നൈട്രാസെപാം ഗുളികകളാണ് 2023 ജനുവരി മുതൽ ഒക്ടോബർ വരെ ജില്ലയിൽ എക്സൈസ് പിടികൂടിയത്.
ഗുളിക വരുന്ന വഴി
സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് കടത്തികൊണ്ട് വന്ന് കേരളത്തിൽ വിൽപന നടത്തുന്നുവെന്നാണ് അന്വേഷണങ്ങളിൽ വ്യക്തമാകുന്നത്. ആറ് രൂപ വിലയുള്ള ഒരു ഗുളിക ഉയർന്ന തുകക്ക് വിൽപ്പന നടക്കുന്നു.
20 ഗുളികകൾ അടങ്ങിയ സ്ട്രിപ്പ് ഒന്നിന് മറ്റ് സംസ്ഥാനങ്ങളിൽ 100 രൂപയിൽ താഴെയാണ് വില. ഇത് കൊച്ചിയിൽ 500 രൂപക്കൊക്കെയാണ് വിൽക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഇത്തരം ഗുളികകൾ വാങ്ങുന്നത് തടയാൻ എക്സൈസ് പരിശോധനകൾ കർശനമായി നടക്കുന്നുണ്ട്. ആരോഗ്യ രംഗത്തും ഇത് സംബന്ധിച്ച ജാഗ്രതയുണ്ട്.
പേടിക്കണം നൈട്രാസെപാമിനെ
മാനസിക അസ്വാസ്ഥ്യമുള്ളവരിൽ ചികിത്സക്കായി ഉപയോഗിച്ചുവരുന്ന ഡ്രഗാണ് നൈട്രോസെപാം. തലച്ചോറിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് നൈട്രോസെപാമിന്റെ പ്രവർത്തനരീതി. അമിത ഉപയോഗം തലച്ചോറിലും ശ്വാസകോശത്തിലും കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ഗുളികകളുടെ കൂടുതലായുള്ള ഉപയോഗം ക്രമേണ മാനസിക വിഭ്രാന്തിക്ക് തുല്ല്യമായ അവസ്ഥയിൽ എത്തിക്കുന്നു. അമിത ഉറക്കം, തലവേദന, മറവി, തുടങ്ങിയ പ്രശ്നങ്ങളും നൈട്രോസെപാം സൃഷ്ടിക്കും. ഇത്തരം ലഹരി ഉപയോഗിക്കുന്ന യുവാക്കൾ വാഹനാപകടങ്ങളിൽ പെടുന്ന സംഭവങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.