'ആപ്പി'ൽ കയറി വായ്പയെടുക്കരുത്... ആപ്പിലാകും
text_fieldsആലപ്പുഴ: അത്യാവശ്യക്കാർ ആശ്രയമായി കരുതുന്ന 'ഇൻസ്റ്റന്റ് ലോൺ ആപ്പു'കൾ ഭാവി ജീവിതത്തിനുതന്നെ ആപ്പാകുന്ന അവസ്ഥ. ഞൊടിയിടയിൽ അക്കൗണ്ടിൽ പണമെത്തുന്നതിനാൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന പലരും കെണിയിലാവുന്നതും അതിവേഗത്തിലാണ്. പണം കടമെടുക്കുന്നയാൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ മാത്രമല്ല, മൊത്തം തുക പലിശ സഹിതം തിരിച്ചടച്ചാലും പണി കിട്ടുന്ന സ്ഥിതിയാണ്. സ്മാർട്ട് ഫോണിൽനിന്ന് ഫോട്ടോകൾ ഉൾപ്പെടെ വിവരങ്ങൾ ചോർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്ന തരത്തിലേക്ക് ലോൺ ആപ്പുകളുടെ ഭീഷണി വളർന്നു കഴിഞ്ഞു.
ഇതോടെ ജാഗ്രത നിർദേശവുമായി പൊലീസ് രംഗത്തെത്തി. അത്യാവശ്യഘട്ടത്തിൽ ലോൺ ആപ് വഴി രണ്ട് തവണയായി 10,000 രൂപ കടമെടുത്ത ആലപ്പുഴ യുവാവ് പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു. എന്നാൽ, പണം ലഭിച്ചില്ലെന്നും വീണ്ടും തുക അടക്കണമെന്നും ആവശ്യപ്പെട്ടു ലോൺ ആപ് കമ്പനിക്കാർ. ഇയാൾ തെളിവുസഹിതം സമർഥിച്ചിട്ടും ലോൺ ആപ്പുകാർ ഭീഷണി തുടർന്നു.
യുവാവിന്റെ ഫോണിൽനിന്ന് ലോൺ കമ്പനിക്കാർ ചോർത്തിയ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ തുടങ്ങി. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർ ആഘോഷ ദിവസമെടുത്ത ഗ്രൂപ് ഫോട്ടോയിൽനിന്ന് ഒരു യുവതിയുടെ മുഖചിത്രമെടുത്താണ് മോർഫ് ചെയ്തത്. തന്റെ മുഖമുള്ള അശ്ലീല ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.
ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ കോൺടാക്ട്‌സ്, ഗാലറി എന്നിവ കൈക്കലാക്കുന്നതിലാണ് ഇൻസ്റ്റന്റ് ലോൺ തട്ടിപ്പിന്റെ തുടക്കം. ലോൺ ലഭിക്കാൻ ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി വാങ്ങും. ലോൺ തുകയിൽനിന്ന് ചെറുതല്ലാത്തൊരു തുക കിഴിച്ചശേഷം ബാക്കി തുകയായിരിക്കും നൽകുന്നത്. കൃത്യമായി തിരിച്ചടച്ചാലും വരവുവെക്കില്ല. ലോൺ മുടങ്ങിയെന്ന പേരിൽ പണവും പലിശയും ആവശ്യപ്പെടും. ലോൺ വാങ്ങിയ ആളുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ച് സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ മോർഫ് ചെയ്യുകയാണ് അടുത്ത പടി.
മോർഫ് ചെയ്ത ചിത്രം ലോൺ എടുത്തയാൾക്കും കോൺടാക്ട് ലിസ്റ്റിലുള്ളയാൾക്കും അയക്കും. ലോൺ തിരിച്ചടച്ചില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഉപഭോക്താവ് വഴങ്ങിയില്ലെങ്കിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കും. ഫേക്ക് ഐഡികളിൽനിന്ന് വ്യാജമായി സൃഷ്ടിച്ച വാട്‌സ്ആപ് നമ്പറുകളിൽനിന്നായിരിക്കും ഇത്തരക്കാർ മെസേജുകൾ അയക്കുന്നത്. ഇരയാകുന്നവർ നാണക്കേട് ഓർത്ത് പരാതിപ്പെടില്ല. ഇതോടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നുവെന്നതാണ് നിലവിലെ സ്ഥിതി. ഇതിനെതിരെയാണ് പൊലീസ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.