ഞങ്ങൾ ഉന്നത രാഷ്ട്രീയ നിലവാരത്തിൽ പ്രവർത്തിക്കുന്നവർ, ഫെനി ബാലകൃഷ്ണനെ പരിചയമില്ല -ഇ.പി ജയരാജൻ
text_fieldsന്യൂഡൽഹി: സോളാർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങൾ തള്ളി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും ഉന്നത രാഷ്ട്രീയ നിലവാരം വെച്ച് പ്രവർത്തിക്കുന്ന ഞങ്ങളുടെ നിലവാരം ദയവുചെയ്ത് കുറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.
ഇ.പി ജയരാജൻ തന്നെ കാറിൽ കൊല്ലം ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ജയരാജൻ നിഷേധിച്ചു. ‘കൊല്ലം ഗസ്റ്റ് ഹൗസിൽ ഇന്നുവരെ മുറി എടുത്ത് താമസിച്ചിട്ടില്ലാത്തയാളാണ് ഞാൻ. പാർട്ടി സമ്മേളനത്തിന്റെയും പിണറായി നയിച്ച ജാഥയുടെയും സമയത്ത് മാത്രമാണ് കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചത്. ഉമ്മൻ ചാണ്ടിയെ അട്ടിമറിക്കാൻ ഫെനി ആരാണ്? ഇദ്ദേഹത്തിന് എന്ത് അട്ടിമറിക്കാനാണ് കഴിയുക?’ -ജയരാജൻ ചോദിച്ചു.
കോൺഗ്രസുകാർ എന്താണ് ചെയ്യുന്നതെന്ന് അവർ ചിന്തിക്കണം. കോൺഗ്രസിൽ ശക്തമായ രണ്ട് ചേരിയുണ്ട്. ഗ്രൂപ്പ് മത്സരത്തിന്റെ ഭാഗമായി മൺമറഞ്ഞുപോയ ഉമ്മൻ ചാണ്ടിയെ നിയമസഭയിൽ കീറിമുറിക്കുകയാണ്. ഇത് ചെയ്യാൻ പാടുണ്ടോ എന്ന് കോൺഗ്രസുകാർ ചിന്തിക്കണം. അത്തരം പ്രവണതകളിൽനിന്ന് യു.ഡി.എഫ് പിന്തിരിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.