ദുരന്തമുണ്ടായശേഷം പ്രതിവിധി അന്വേഷിക്കരുത് -മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ദുരന്തം ഉണ്ടായശേഷം പ്രതിവിധി കണ്ടെത്താൻ ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമീഷൻ. ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിച്ച് ദുരന്തങ്ങൾ തടയാനുള്ള ബാധ്യത ഉദ്യോഗസ്ഥർക്കുണ്ടെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
കാൽനടക്കാർക്കും അത്യാവശ്യ വാഹനങ്ങൾക്കും വേണ്ടി നിർമിച്ച വള്ളക്കടവ് താൽക്കാലിക പാലത്തിലൂടെ ഭാരവണ്ടികൾ സഞ്ചരിക്കുന്നുവെന്ന പരാതിയിലാണ് ഉത്തരവ്. മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കാതെ ഭാരവണ്ടികൾ പോകുന്നത് പതിവാണെന്നും ഇത് താൽകാലിക പാലത്തിന്‍റെ തകർച്ചക്ക് വരെ കാരണമാകുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ കമീഷനെ അറിയിച്ചു. നിയമ ലംഘനങ്ങൾ തടയാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ല കലക്ടർക്കും പൊലീസിനും ഗതാഗത വകുപ്പിനും കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആവശ്യമെങ്കിൽ പാലത്തിന് സമീപം 24 മണിക്കൂറും ട്രാഫിക് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ഭാരവണ്ടികൾ തടയണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ജില്ല കലക്ടർ നൽകുന്ന നിർദേശങ്ങൾ ജില്ല ട്രാൻസ്പോർട്ട് (എൻഫോഴ്സ്മെന്‍റ്) ഓഫിസറും സൗത്ത് ട്രാഫിക് അസിസ്റ്റന്‍റ് കമീഷണറും കൃത്യമായി പാലിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.