നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തരുത് -പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയമുണ്ടാകാമെങ്കിലും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയവും മാറ്റിവെച്ച് മുന്നിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തെ എതിർക്കുന്ന മാധ്യമപ്രവർത്തകർ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയോ ജയിലിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഫാഷിസത്തിന്‍റെ മറ്റൊരു രൂപമാണ് അതിതീവ്രദേശീയത. ഇതിനൊരു പൊതുശത്രുവിനെ വേണം. ന്യൂനപക്ഷങ്ങളെയാണ് ശത്രുക്കളായി പ്രഖ്യാപിക്കുന്നത്. ഈ നീക്കത്തിന് കുടപിടിക്കാത്ത മാധ്യമപ്രവർത്തകരെ വേട്ടയാടും. സമാന രീതിയില്ലെങ്കിലും കേരളത്തിലും ഭയപ്പെടുത്തലും അസഹിഷ്ണുതയുമുണ്ട്. സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടും ഒരു മാധ്യമപ്രവർത്തകനും പ്രതിഷേധമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആർ. കിരൺബാബു, കെ.പി റെജി, ഇ.എസ്. സുഭാഷ്, വി.എസ്. ജോൺസൺ, സുരേഷ് വെള്ളിമംഗലം, സാനു ജോർജ് തോമസ്, അനുപമ ജി. നായർ, രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു. മുൻ ഭാരവാഹികളായ എസ്. ജയശങ്കർ, ജേക്കബ് ജോർജ്, എൻ. പത്മനാഭൻ, ബോബി തോമസ്, കെ.സി. രാജഗോപാൽ, മനോഹരൻ മോറായി, കെ. പ്രേംനാഥ്, പി.എ. അബ്ദുൽ ഗഫൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വേജ് ബോർഡ് ഉടൻ രൂപവത്കരിക്കണം -കേരള പത്രപ്രവർത്തക യൂനിയൻ
തിരുവനന്തപുരം: പത്രപ്രവർത്തകരുടെ വേതന പരിഷ്കരണത്തിനുള്ള വേജ് ബോർഡ് ഉടൻ രൂപവത്കരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലേബർ കോഡിലൂടെ ഇല്ലാതായ വർക്കിങ് ജേണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേഗത്തിലാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺബാബുവും ചുമതലയേറ്റു. യൂനിയൻ സംസ്ഥാന ട്രഷററായി സുരേഷ് വെള്ളിമംഗലം (ദേശാഭിമാനി) വൈസ് പ്രസിഡന്റുമാരായി ആർ. ജയപ്രസാദ് (മാതൃഭൂമി), സീമാ മോഹൻലാൽ (ദീപിക) സെക്രട്ടറിമാരായി എം.ഷജിൽകുമാർ (മനോരമ), പി.ആർ. റിസിയ (ജനയുഗം), അഞ്ജന ശശി (മാതൃഭൂമി) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.