മൂന്നാറിൽ പൊമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിൽ സംഘർഷം
text_fieldsഇടുക്കി: മൂന്നാറിൽ പൊമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിൽ സംഘർഷം. വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സമരപ്പന്തലിൽ സംഘർഷം ഉടലെടുത്തത്. പൊമ്പിളൈ ഒരുമൈക്ക് ഐക്യദാർഢ്യമർപ്പിച്ച് നിരാഹാരം സമരം നടത്തുന്ന ആം ആദ്മി പാർട്ടി നേതാവ് സി.ആർ. നീലകണ്ഠന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് എ.എ.പിയുടെ പിന്തുണ മാത്രം മതിയെന്നും ആരും നിരാഹാരമിരിക്കേണ്ടെന്നും പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ഇതേചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ സമയം സമരപ്പന്തലിെൻറ വാടക നൽകാത്തതിനാൽ അഴിച്ചെടുക്കുകയാണെന്ന് പറഞ്ഞ് പന്തലുകാരൻ സ്ഥലത്ത് എത്തി. ഒരു വിഭാഗം നാട്ടുകാരും ഇയാൾക്ക് പിന്തുണയുമായെത്തി. ഇതിനെ സമരക്കാർ എതിർത്തതോടെയാണ് സംഘർഷമുണ്ടായത്. സി.പി.എമ്മുകാരാണ് കുഴപ്പത്തിനു പിന്നിലെന്ന് ഗോമതി പറഞ്ഞു. തുടർന്ന് മൂന്നാർ എസ്.ഐയുടെ നേതൃത്വത്തിൽ പത്തോളം പൊലീസുകാർ സ്ഥലത്തെത്തി. രാത്രി വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
നിരാഹാരം: സി.ആർ. നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി
തൊടുപുഴ: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കൾക്കൊപ്പം നിരാഹാരം അനുഷ്ഠിച്ചിരുന്ന ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠനെ ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രി എം.എം. മണിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരത്തോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ചയാണ് നീലകണ്ഠൻ നിരാഹാര സത്യഗ്രഹം തുടങ്ങിയത്. വ്യാഴാഴ്ച രാവിെല മുതൽ അദ്ദേഹത്തിെൻറ ആേരാഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വൈകുന്നേരത്തോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബലമായി ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ഒരുങ്ങി. ഇതേ തുടർന്ന് സഹപ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി ആശുപത്രിയിലേക്ക് മാറ്റാൻ സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.