കണ്ണൂർ-കുറ്റിപ്പുറം, തിരുവനന്തപുരം-ചേർത്തല റോഡുകൾ ദേശീയപാതകൾതന്നെ; മദ്യശാലകൾ അനുവദിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ദേശീയപാതയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ തിരുവനന്തപുരം-ചേർത്തല, കണ്ണൂർ -കുറ്റിപ്പുറം റോഡുകളുടെ 500 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ അനുവദിക്കരുെതന്ന് ഹൈകോടതി. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ദൂരപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി മദ്യശാലകൾ പ്രവർത്തിക്കുന്നില്ലെന്ന് എക്സൈസ്, പൊതുമരാമത്ത് വകുപ്പുകൾ ഉറപ്പാക്കണം. ഇൗ റോഡുകൾ ദേശീയപാതകൾതന്നെയെന്ന് വ്യക്തമാക്കി പൊതുമരാമത്ത് നൽകിയ സത്യവാങ്മൂലം കൂടി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.
2014ലെ വിജ്ഞാപന പ്രകാരം ഇവയെ ദേശീയപാത പദവിയിൽനിന്ന് ഒഴിവാക്കിയതിെൻറ രേഖകളുടെ അടിസ്ഥാനത്തിൽ മദ്യശാലയുടെ ലൈസൻസിനുള്ള അപേക്ഷകൾ പരിഗണിക്കാൻ മേയിൽ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളിലൂടെ സിംഗിൾ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് കണ്ണൂർ-കുറ്റിപ്പുറം പാതയിൽ ചില മദ്യശാലകൾ തുറക്കാൻ എക്സൈസ് അനുമതി നൽകുകയും ചെയ്തു. ഇതിനെതിരെ, മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മുൻ കെ.പി.സി.സി പ്രസിഡൻറ്വി.എം. സുധീരൻ, കൊയിലാണ്ടി നഗരസഭാംഗം വി.പി. ഇബ്രാഹീംകുട്ടി തുടങ്ങിയവർ കോടതിയെ സമീപിച്ചു. ഇൗ ഹരജികളിലാണ് ഇരുപാതകളിലും മദ്യശാലകൾ അനുവദിക്കരുതെന്ന ഇപ്പോഴത്തെ ഉത്തരവ്. പുനഃപരിശോധന ഹരജികളിലെ തുടർ നടപടികളും കോടതി അവസാനിപ്പിച്ചു.
കോടതി ഉത്തരവ് പ്രകാരം കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമീഷണർമാർ ബുധനാഴ്ച ഹൈകോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കണ്ണൂർ -കുറ്റിപ്പുറം പാതയോരത്ത് ബിയർ പാർലറുകൾക്ക് ലൈസൻസ് പുതുക്കി നൽകിയ രേഖകളുമായി ഹാജരാകാനായിരുന്നു നിർദേശം. കണ്ണൂർ-കുറ്റിപ്പുറം പാതയുടെ പദവിയെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറോട് വിശദീകരണം തേടിയിരുന്നു. ദേശീയപാതയാണോയെന്ന് വ്യക്തമാക്കാതെ സംസ്ഥാന ഹൈവേ അല്ലെന്ന് മാത്രമാണ് പൊതുമരാമത്ത് മറുപടി നൽകിയത്. അതേസമയം, ഇത് ദേശീയപാതയാണെന്നതിൽ സംശയമില്ലെന്നായിരുന്നു പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സത്യവാങ്മൂലം. നേരേത്ത ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നതായി സർക്കാർ അഭിഭാഷകൻ വാദത്തിനിടെ സൂചിപ്പിച്ചിരുന്നു.
എക്സൈസ് ഡെപ്യൂട്ടി കമീഷണർമാരും പൊതുമരാമത്ത് വകുപ്പും തമ്മിൽ പാതയുടെ പദവി സംബന്ധിച്ച് നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളാണ് അറിയേണ്ടതെന്ന് കോടതി പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് മദ്യശാലകൾ അനുവദിക്കാൻ ഇടവരരുതായിരുന്നു. ദേശീയ പാതയോരത്ത് ബാറുകൾ തുറക്കാനിടയായത് കോടതിയെ അലോസരപ്പെടുത്തുന്നതാണ്. റോഡുകളുടെ പദവി സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് അവ്യക്തത ഉണ്ടാകരുതായിരുന്നു.
ദേശീയപാതയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇൗ പാതയോരങ്ങളിൽ മദ്യശാലകൾക്ക് അനുമതി നൽകാനാവില്ല. അതിനാൽ, പുതുക്കി നൽകിയ ലൈസൻസ് അസാധുവാക്കണമെന്നും ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.