കാന്തപുരത്തിന്റെ ചികിത്സ: വ്യക്തിപരമായ എഴുത്തുകളും വോയ്‌സ് ക്ലിപ്പും പ്രചരിപ്പിക്കരുത് -മർകസ്
text_fieldsകോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഈ വിഷയത്തിൽ വ്യക്തിപരമായ എഴുത്തുകളും വോയ്‌സ് ക്ലിപ്പും പ്രചരിപ്പിക്കരുതെന്നും മർകസുസ്സഖാഫത്തി സുന്നിയ്യ അധികൃതർ അറിയിച്ചു. മെഡിക്കൽ റിപ്പോർട്ട് വിവരങ്ങൾ ആധികാരികമായി മർകസ് പബ്ലിക് റിലേഷൻ വകുപ്പ് അതത് സമയങ്ങളിൽ പുറത്തുവിടും. വ്യക്തിപരമായ എഴുത്തുകളും വോയ്‌സ് ക്ലിപ്പും പുറത്ത് വിടുന്നത് സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിനും കാരണമാകുന്നതിനാൽ അത്തരം പ്രവണതകളിൽ നിന്ന് വിട്ടു നിൽക്കണമെന്നും ഇവർ അഭ്യർഥിച്ചു.
അതിനിടെ, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ സംസാരിച്ചുവെന്നും വൈകാതെ ആശുപത്രി വിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മകനും മർകസ് നോളജ് സിറ്റി എം.ഡിയുമായ അബ്ദുൽ ഹഖീം അസ്ഹരി പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് ചികിത്സ. കേരളത്തിന് പുറത്തുള്ള ഡോക്ടർമാരുടെ സേവനവും ടെലികോൺഫറൻസിങ് വഴി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കാന്തപുരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. സമസ്ത പുറത്തിറക്കിയ വാർത്താക്കുറപ്പിൽ മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ചികിത്സയ്ക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് കാന്തപുരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.