'അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കരുത്'; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ കത്ത്
text_fieldsതിരുവനന്തപുരം: കർണാകടയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തിരച്ചിൽ താത്കാലികമായി നിർത്താനുള്ള തീരുമാനം വന്നതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
രക്ഷാദൗത്യം അവസാനിപ്പിക്കരുതെന്നും പുരോഗതി ഉണ്ടാകും വരെ തിരച്ചിൽ തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാധ്യമായ എല്ലാ സാങ്കേതിക വിദ്യയും ഉപകരണങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ ദൗത്യത്തിന്റെ ഭാഗമായി നിന്ന എല്ലാവരുടെ അധ്വാനത്തെയും അദ്ദേഹം കത്തിലൂടെ പ്രശംസിച്ചു.
കാലാവസ്ഥ പ്രതികൂലമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഷിരൂരിലെ തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപനമുണ്ടാകുന്നത്. ഞായറാഴ്ച വൈകിട്ട് ചേരുന്ന യോഗത്തിൽ തിരച്ചിൽ മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് കാർവാർ എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, തിരച്ചിൽ നിർത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള കേരളത്തിലുള്ള ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു. രക്ഷാദൗത്യം നിർത്താനുള്ള തീരുമാനം ദൗർഭാഗ്യകരവും ഏകപക്ഷീയവുമാണെന്നാണ് മന്ത്രി റിയാസ് പറഞ്ഞത്. കേരളവുമായി ഒരുതരത്തിലുള്ള കൂടിയാലോചനയും ഇല്ലാതെയാണ് കർണാടക സർക്കാർ ഈ തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുങ്ങൽ വിദ്ഗധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും സംഘവും ഇന്ന് ദൗത്യം അവാസാനിപ്പിച്ചിരുന്നു. പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ടെന്നും ദൗത്യം അതീവ ദുഷ്കരമെന്ന് ഈശ്വർ മാൽപെ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.