പൊലീസ് നടപടി ആരെങ്കിലും വിഡിയോ ചിത്രീകരിച്ചാൽ തടയരുതെന്ന് ഹൈകോടതി: ‘പ്രകോപനം നേരിടാൻ പട്ടാളക്കാരെപ്പോലെ പൊലീസിന് കഴിയണം’
text_fieldsകൊച്ചി: പ്രകോപനപരമായ സാഹചര്യങ്ങൾ നേരിടാൻ പൊലീസിന് കഴിയണമെന്ന് ഹൈകോടതി. ഇതിന് പട്ടാളക്കാരെപ്പോലെ പൊലീസിനെയും പ്രാപ്തരാക്കണം. പൊലീസ് നടപടി ആരെങ്കിലും വിഡിയോ ചിത്രീകരിച്ചാൽ പൊലീസ് തടയരുതെന്നും ഇത്തരം നിർദേശങ്ങൾ മറികടന്ന് പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ജനങ്ങൾക്ക് ഇപ്പോഴും പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാൻ ഭയമുള്ള സാഹചര്യമാണുള്ളത്. ഇതിന് മാറ്റമുണ്ടാകണം. പൊലീസിന്റെ പ്രവർത്തനങ്ങളിൽ പരമാവധി സുതാര്യത കൊണ്ടുവരണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ അഭിഭാഷകനോട് ആലത്തൂർ എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന് ആരോപിക്കുന്ന ഹരജിയും ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജികളുമാണ് പരിഗണനയിലുള്ളത്.
കോടതി നിർദേശപ്രകാരം സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് ഓൺലൈനായി ഹാജരായിരുന്നു. റെനീഷിനെതിരെ നിരന്തരം പരാതി ഉയരുന്നത് ചൂണ്ടിക്കാട്ടി ഒരു ഓഫിസർക്കെതിരെ ഇത്രയേറെ പരാതികളുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. സേനയിലെ ഭൂരിപക്ഷം അംഗങ്ങളും മികച്ച രീതിയിൽ പെരുമാറുന്നവരാണെന്നും മോശമായി പെരുമാറുന്നവരെ സർവിസിൽനിന്ന് ഒഴിവാക്കുന്നതടക്കം കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് മേധാവി അറിയിച്ചു.
പൊലീസ് സ്റ്റേഷനുകളിലെ സാഹചര്യങ്ങളുടെ കാര്യത്തിലും ഏറെ മാറ്റമുണ്ടെന്നും മാറ്റത്തിനുള്ള ശ്രമം തുടരുകയാണെന്നും വിശദീകരിച്ചു. എന്നാൽ, ഒറ്റപ്പെട്ട സംഭവമാണെന്നത് ന്യായീകരണമാകില്ലെന്നും പൊലീസിനെ ആധുനികവത്കരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശങ്ങൾപോലും ഉദ്യോഗസ്ഥർ ലംഘിക്കുന്ന സാഹചര്യമുണ്ടെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് റെനീഷിനെതിരായ പരാതികളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹരജിക്കാരോട് നിർദേശിച്ച കോടതി, രണ്ടാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
പൊലീസ് ആക്ടിലെ 33-ാം വകുപ്പ് പ്രകാരം ഏത് പൊലീസ് നടപടിയും പൊതുജനങ്ങള്‍ക്ക് ദൃശ്യമായോ ശബ്ദമായോ റെക്കോര്‍ഡ് ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഈ വർഷം തുടക്കത്തിൽ ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ് ഇറക്കിയ സര്‍ക്കുലറിൽ പറഞ്ഞിരുന്നു. മുന്‍ പൊലീസ് മേധാവിമാരുടെ 10 സര്‍ക്കുലറുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. മൊബൈല്‍ ഫോണോ കാമറയോ ഉപയോഗിച്ച് അത്തരത്തില്‍ ഒരാള്‍ പൊലീസ് നടപടി ചിത്രീകരിച്ചാല്‍ തടയാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.