സർക്കാറിനെതിരെ കേസിന് പോകരുത്; തദ്ദേശ സ്ഥാപനങ്ങൾക്ക് താക്കീത്
text_fieldsകൊച്ചി: സർക്കാറിനെതിരെ കോടതികളിൽ കേസുമായി പോകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ശക്തമായ താക്കീത്. ഉന്നതതലത്തിൽ തീർപ്പാക്കുന്ന വിഷയങ്ങളിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ കോടതികളിൽ കേസ് ഫയൽ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് നിർദേശം. ഇത് ലംഘിക്കുന്ന സെക്രട്ടറിമാർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാനാണ് തദ്ദേശ വകുപ്പിന്റെ തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് വിവിധതരം പെർമിറ്റുകൾ, ലൈസൻസുകൾ, നിരാക്ഷേപ പത്രങ്ങൾ എന്നിവ ലഭിക്കാൻ അസാധാരണ കാലതാമസം നേരിടുന്നതായി സർക്കാറിന് മുന്നിൽ നിരവധി പരാതിയെത്തുന്നുണ്ട്. പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊതുജനങ്ങൾക്ക് രേഖകൾ നിഷേധിക്കുന്നത്.
വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന് രൂപംനൽകിയിരുന്നു. വിഷയം ഉന്നതതലത്തിൽ ചർച്ച ചെയ്ത് സാധ്യമായ മാർഗങ്ങളിലൂടെ പരിഹരിച്ച് അന്തിമാനുമതി ലഭ്യമാക്കുകയാണ് ബോർഡ് ചെയ്യുന്നത്. എന്നാൽ, ബോർഡിന്റെ തീരുമാനങ്ങൾ ചോദ്യംചെയ്ത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ കോടതികളിൽ കേസ് ഫയൽ ചെയ്യുന്നത് കൂടിവരുന്നതായി സർക്കാറിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വിഷയങ്ങൾ കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പ്രശ്നപരിഹാരം നീണ്ടുപോകാൻ കാരണമാകുന്നു എന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുതിയ നിർദേശം പുറപ്പെടുവിച്ചത്.
സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന്റെ തീരുമാനങ്ങൾക്കെതിരെ കോടതികളിൽ കേസ് ഫയൽ ചെയ്യുന്നത് അനുചിതവും പരിശോധിക്കേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. ഇതിന് വിരുദ്ധമായി കേസ് ഫയൽ ചെയ്യുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരെ അച്ചടക്ക നടപടി ഉൾപ്പെടെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാർച്ച് വരെയുള്ള കണക്ക് പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ മാത്രം 2,91,292 ഫയലാണ് തീർപ്പാകാതെ കിടക്കുന്നത്. കെട്ടിട നിർമാണാനുമതി, കെട്ടിടത്തിന് നമ്പറിടൽ, വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവിധ തരം സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, ഉടമസ്ഥാവകാശം മാറ്റൽ, മറ്റ് ഓഫിസുകളിലേക്ക് അയക്കേണ്ട റിപ്പോർട്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് ഈ ഫയലുകളിൽ ഏറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.