Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിഗൂഢമീ താരാപഥം;...

നിഗൂഢമീ താരാപഥം; മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ വിശ്വസിക്കരുത് -ജസ്റ്റിസ് ഹേമ

text_fields
bookmark_border
Justie Hema, wcc, Hema Committee Report
cancel

തിരുവനന്തപുരം: ‘‘ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്; മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനുമായി. എന്നാൽ, നക്ഷത്രങ്ങൾ മിന്നിമറയുന്നില്ലെന്നും ചന്ദ്രൻ മനോഹരമായി കാണപ്പെടുന്നില്ലെന്നും ശാസ്ത്രം തെളിയിച്ചു. അതുകൊണ്ട് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു: നിങ്ങൾ കാണുന്നതിനെ വിശ്വസിക്കരുത്, ഉപ്പ് പോലും കാണാൻ പഞ്ചസാര പോലെയാണ്!’’- മല‍യാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വിവരിച്ചുകൊണ്ട് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ജസ്റ്റിസ് കെ. ഹേമ ആരംഭിക്കുന്നത് ഇങ്ങനെയാണ്.

മലയാള സിനിമലോകം താരാരാധനയോടുകൂടി കണ്ട പ്രമുഖരിൽ നിന്നുപോലും സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടേണ്ടിവന്നിരുന്നുവെന്ന് 299 പേജുള്ള റിപ്പോർട്ടിൽ പലയിടങ്ങളിലും ജസ്റ്റിസ് ഹേമ പറഞ്ഞുപോകുന്നു. സ്വകാര്യത ചൂണ്ടിക്കാട്ടി 66 പേജുകൾ സർക്കാറും വിവരാവകാശ കമീഷനും ചേർന്ന് വെട്ടിയെങ്കിലും മായ്ക്കാൻ കഴിയാത്ത യാഥാർഥ്യങ്ങൾ 233 പേജുകളിലായി ഉണ്ട്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലല്ല, നേരിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നതെന്ന് പലയിടങ്ങളിലും കമ്മിറ്റി ആവർത്തിക്കുന്നു.

മലയാള സിനിമമേഖലയെ നിയന്ത്രിക്കുന്ന മാഫിയ സംഘത്തിന് എതിരെ മൊഴിനൽകാൻപോലും പലരും ഭയന്നതായി റിപ്പോർട്ടിൽ പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാളെപ്പോലും ആദ്യഘട്ടത്തിൽ ലഭിച്ചില്ല. ഭയമായിരുന്നു ഇവർക്ക്. കമ്മിറ്റിക്ക് മുന്നിൽ എന്തെങ്കിലും പറഞ്ഞാൽ തൊഴിലും ജീവൻതന്നെയും നഷ്ടമാകുമോയെന്ന പേടി. കമ്മിറ്റിക്ക് മുന്നിൽ ആർക്കെതിരെയും ഒന്നും പറയരുതെന്ന് നർത്തകർക്ക് യൂനിയൻ നിർദേശം നൽകിയതായി കമ്മിറ്റി കണ്ടെത്തി. ഇവർക്കായി കമ്മിറ്റി രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് പലരും ഒഴിഞ്ഞു. ഒടുവിൽ രണ്ടുപേർ ഹാജരായി. തങ്ങൾക്ക് സിനിമയിൽ ഒരുപ്രശ്നവുമില്ലെന്നായിരുന്നു ഇവരുടെ മൊഴിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അനീതിക്കെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ ഡബ്ല്യു.സി.സി അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും തൊഴിൽ നിഷേധിക്കപ്പെട്ടു. സ്ത്രീകൾ മാത്രമല്ല, താരങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത നടന്മാരെയും സിനിമ മേഖലയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. അവരുടെ ഭാവി നശിപ്പിച്ചു. സിനിമയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് പഠനം പുരോഗമിക്കുംതോറും ഈ വ്യവസായത്തിന്‍റെ ഗ്ലാമർ വെറും ബാഹ്യമാണെന്നും അതിന്മേൽ ചുറ്റിത്തിരിയുന്നത് അനേകായിരം സ്ത്രീകളുടെ കഷ്ടപ്പാടുകളുടെയും സഹിഷ്ണുതയുടെയും നിരാശയുടെ കരയുന്ന കഥകളായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പരാതികൾ തീർപ്പാക്കുന്നതിനുമായി രൂപവത്കരിച്ച ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി (ഐ.സി.സി) മാഫിയ സംഘത്തിന്‍റെ പിടിയിലാണ്. ഐ.സി.സിയുടെ ചുമതലക്കാരെ നിയമിക്കുന്നത് ഈ മാഫിയയാണ്. ഇവിടെ എത്തുന്ന പരാതികൾ പലതും ക്രിമിനൽ സംഘത്തിന്‍റെ ചെവികളിലെത്തുമെന്നതിനാൽ ഇവർക്ക് മുന്നിൽ പരാതി പറയാൻ സ്ത്രീകൾ പോകാറില്ല. അതിനാൽ സ്ത്രീകളുടെ പരാതികൾ കേൾക്കുന്നതിന് ജുഡീഷ്യൽ അധികാരമുള്ള ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്നും റിപ്പോർട്ടിൽ കമ്മിറ്റി ആവശ്യപ്പെട്ടു.

അഞ്ചുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിയമുള്ള വനിതാ ജഡ്ജിയെ ട്രൈബ്യൂണൽ അധ്യക്ഷയാക്കണം. ട്രൈബ്യൂണൽ വിധിക്ക് മേൽ അപ്പീൽ പരിഗണിക്കാൻ അധികാരം ഹൈകോടതി ഡിവിഷൻ ബഞ്ചിന് മാത്രമായിരിക്കണം. സിനിമയിലെ സ്ത്രീകൾക്കെതിരായ കുറ്റകരമായ പ്രവൃത്തികൾക്ക് വ്യത്യസ്ത സ്വഭാവമുള്ള സ്ഥിതിക്ക് വ്യത്യസ്തമായ ഒരു നിയമം ആവശ്യമാണെന്നും ആ നിയമത്തിന് "കേരള സിനി എംപ്ലോയേഴ്‌സ് ആൻഡ് എംപ്ലോയീസ് (റെഗുലേഷൻ) ആക്ട്, 2020": എന്ന് പേര് നൽകണമെന്നും ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടു. നിയമത്തിൽ ഉൾപ്പെടുത്തേണ്ട വ്യവസ്ഥകളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി നിർദേശങ്ങളിൽ ചിലത്

  • സ്ത്രീകൾക്ക് ഷൂട്ടിങ് ലൊക്കേഷനുകളിൽ ഇ-ടോ‍യ്ലെറ്റ് സംവിധാനവും വസ്ത്രം മാറാൻ സൗകര്യവുമുണ്ടാക്കണം
  • ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മതിയായ വേതനം ഉറപ്പാക്കണം. ഇതിനായി കരാർ വ്യവസ്ഥ ഉണ്ടാകണം
  • ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായോ മറ്റു ജോലികളിലോ നിയമിക്കരുത്
  • ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മിനിമം വേതനം ഉറപ്പാക്കണം
  • വേതനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കണം
  • അസി.ഡയറക്ടർമാർക്ക് അവരുടെ പ്രവൃത്തി പരിചയം കണക്കാക്കി വേതനം നൽകണം.
  • സ്ത്രീകൾക്കെതിരായ സൈബർ ആക്രണം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണം
  • സിനിമ ചിത്രീകരണത്തിനിടെ അപകടം സംഭവിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണം
  • സിനി ആർട്ടിസ്റ്റുകൾക്കും ടെക്നിക്കൽ ആർട്ടിസ്റ്റുകൾക്കുമായി വെൽഫെയർ ഫണ്ട് രൂപവത്കരിക്കണം
  • 35 വയസ്സിന് മുകളിലുള്ള ഹെയർ സ്റ്റൈലിസ്റ്റുകളെ ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നതിനെതിരെ നടപടി വേണം.
  • ലൈംഗിക ചൂഷണം തടയുന്നതിന് പുതിയൊരു നിയമം രൂപവത്കരിക്കണം
  • ഷൂട്ടിങ് ലൊക്കേഷനുകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കണം.
  • ഷൂട്ടിങ് ലൊക്കേഷനുകളിൽ ലഹരിയുടെയും മയക്കുമരുന്നിന്‍റെയും വ്യാപനം തടയണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Film IndustryHema Committee ReportJustie Hema
News Summary - Don't trust the twinkling stars in Malayalam Film Industry -Justice Hema
Next Story