പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത ഏറ്റവും പ്രധാനപ്പെട്ടതാണെന്നും അത് തകർക്കുന്ന നടപടികൾക്ക് കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. വളരെയേറെ ഉത്തരവാദിത്തമുള്ള സ്ഥാപനമാണ് പി.എസ്.സി. അത് ദുർബലപ്പെടുത്തരുത് -മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സിയെ സംബന്ധിച്ച പ്രശ്നങ്ങൾ വകുപ്പിന് അകത്ത് തന്നെ അന്വേഷിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം പെട്ടെന്നുള്ള ഒരു അന്വേഷണം പി.എസ്.സിയുടെ വിശ്വാസ്യതയെ തകർക്കും. പി.എസ്.സിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇപ്പോൾ ഉള്ളത്. ചില വ്യക്തികൾക്ക് പരീക്ഷയിൽ അസാധാരണമായ ചില നേട്ടമുണ്ടായി. ആക്ഷേപമുണ്ടായപ്പോൾ തന്നെ പി.എസ്.സി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയിട്ടുണ്ട്.
തെറ്റായ മാർഗത്തിലൂടെ ചില വ്യക്തികൾ ഉത്തരമെഴുതിയതാണ് പ്രശ്നം. അത് അന്വേഷിച്ചു കണ്ടെത്തിക്കഴിഞ്ഞു. അവർക്ക് ഇനി ഒൗദ്യോഗിക മത്സര പരീക്ഷകളൊന്നും തന്നെ എഴുതാൻ സാധിക്കില്ല. ക്രമക്കേടിൽ ഉൾപ്പെട്ടവരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷ ക്രമക്കേട് നടത്തിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്നത് പി.എസ്.സി തന്നെയാണ്. ഇത് പി.എസ്.സിയുടെ വിശ്വാസ്യതയാണ് കാണിക്കുന്നത്. പി.എസ്.സിയുടെ ചരിത്രത്തിൽ മുൻകാലങ്ങളിൽ ഉണ്ടായ ക്രമക്കേടുകളിൽ അന്വേഷണം നടത്തിയത് വകുപ്പ് തന്നെയാണ്. ഇപ്പോൾ നടന്ന ക്രമക്കേടിന്‍റെ വിശദാംശങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.