ഷാഫി പറമ്പിലിനെ ചെറുതായി കാണേണ്ട, താരപരിവേഷമുണ്ട്; വോട്ട് ഉണ്ടെങ്കിൽ ഒരെണ്ണം നൽകാൻ തോന്നും -പി.സി ജോർജ്
text_fieldsകോഴിക്കോട്: കോൺഗ്രസ് നേതാവും വടകര എം.പിയുമായ ഷാഫി പറമ്പിലിനെ ചെറുതായി കാണേണ്ടെന്ന് ബി.ജെ.പി നേതാന് പി.സി ജോർജ്. അദ്ദേഹത്തിന് താരപരിവേഷമുണ്ട്. നല്ല പെരുമാറ്റവും നിയമസഭയിൽ മാന്യമായി സംസാരിക്കുകയും ചെയ്യുമെന്നും പി.സി ജോർജ് പറഞ്ഞു.
വോട്ട് ഉണ്ടായിരുന്നെങ്കിൽ തനിക്കൊരെണ്ണം ഷാഫിക്ക് നൽകാൻ തോന്നും. ഷാഫിയുടെ പ്രവർത്തനമാണ് പാലക്കാട് പിടിച്ചു നിർത്താൻ കാരണം. ഷാഫിയുടെയും ഭാര്യയുടെയും വീട്ടുകാർ സമ്പന്നരാണെന്നും വീട്ടുകാരുടെ പരിപൂർണ പിന്തുണയും സഹായവും അദ്ദേഹത്തിനുണ്ടെന്നും പി.സി ജോർജ് വ്യക്തമാക്കി.
അപ്പനെ കണ്ട് വളർന്ന മകനാണ് ചാണ്ടി ഉമ്മൻ. ഒരു കാലത്ത് കോൺഗ്രസിന് എല്ലാ കാര്യത്തിനും ഉമ്മൻചാണ്ടി കഴിഞ്ഞേ ആളുണ്ടായിരുന്നുള്ളൂ. ഉമ്മൻചാണ്ടി പോയി കഴിഞ്ഞപ്പോൾ ആ സ്ഥാനത്ത് ചാണ്ടിക്ക് കിട്ടുമെന്ന് കരുതാൻ പാടില്ല.
ഉമ്മൻചാണ്ടിയുടെ അംഗീകാരം ചാണ്ടിക്ക് കിട്ടില്ല. അത് പ്രവർത്തിച്ച് നേടിയെടുക്കണം. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചാണ്ടി പോകണമായിരുന്നു. കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്‍റെ ഭാഗമായി ചാണ്ടി ഉമ്മൻ മാറുകയാണെന്നും അതില്ലാതെ പോകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും പി.സി ജോർജ് വ്യക്തമാക്കി.
അനിൽ ആന്‍റണി ആരാണെന്ന് പോലും തനിക്കറിയില്ല. ബി.ജെ.പിയിൽ ചേരാൻ താൻ പോയപ്പോൾ അനിൽ അവിടെ ഉണ്ടായിരുന്നു. ആന്‍റണിയുടെ മകനാണെന്ന് അറിഞ്ഞപ്പോൾ പ്രത്യേക സ്നേഹം തോന്നി. സ്ഥാനാർഥിയായപ്പോൾ തന്നെ അനിൽ വിളിച്ചിരുന്നു. അനിൽ ആന്‍റണിക്ക് പൂഞ്ഞാർ, തെക്കേക്കര, തിടനാടുമാണ് കൂടുതൽ വോട്ട് കിട്ടിയത്.
അനിൽ ആന്‍റണിക്ക് സംസാരിക്കാൻ അറിയില്ല. സ്ഥാനാർഥി എന്ന നിലയിൽ പരാജയമായിരുന്നു. മലയാളത്തിൽ പ്രസംഗിക്കാൻ അറിയില്ല. ആറു മണിയായാൽ സ്ഥലംവിടും. ഉത്തരേന്ത്യൻ ഗോസായിമാരുടെ സംസ്കാരമാണ്. അത് കുഴപ്പമാണെന്നും കേരളത്തിൽ ചെലവാകില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി പറഞ്ഞു.
സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പുണ്ടായിരുന്ന ഗമ ഇപ്പോൾ തൃശൂരിലില്ലെന്ന് പി.സി ജോർജ് പറഞ്ഞു. ഒരു നിവേദനം കൊടുത്താൽ അത് ജില്ലാ പ്രസിഡന്‍റിന് കൊടുക്ക്, പഞ്ചായത്ത് പ്രസിഡന്‍റിന് കൊടുക്ക് എന്നൊക്കേ പറയും. ഇത് മനുഷ്യർ ഇഷ്ടപ്പെടില്ലെന്നും കേരളത്തിന്‍റെ സംസ്കാരം അതല്ലെന്നും പി.സി ജോർജ് പറഞ്ഞു.
നിവേദനം നേരിട്ട് വാങ്ങിച്ചാൽ സുരേഷ് നല്ലവനാണെന്ന് പറയും. സിനിമയിലെ ആക്ഷൻ ഹീറോ ആയതിന്‍റെ കുഴപ്പമാണ്. ആളുകൾക്ക് ഇഷ്ടക്കേടുണ്ടെന്നും ഇക്കാര്യം താൻ പറഞ്ഞിട്ടുണ്ടെന്നും പി.സി ജോർജ് പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും മാധ്യമങ്ങൾക്കെതിരായത് കൊണ്ടാണ് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാത്തത്. അവസാനം മാധ്യമങ്ങൾക്ക് നേരെ സുരേന്ദ്രന് പൊട്ടിത്തെറിക്കേണ്ടി വന്നു. അടുത്ത തെരഞ്ഞെടുപ്പിൽ 32 സീറ്റ് ബി.ജെ.പി പിടിക്കും. 2029ൽ കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ബി.ജെ.പിക്കാരനായിരിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കി.
സന്ദീപ് വാര്യർ പോയത് കൊണ്ട് ബി.ജെ.പി ഒരു ചുക്കുമില്ല. സന്ദീപിനെ പുറത്താക്കാൻ ഇരിക്കുകയായിരുന്നു. സന്ദീപിന് കുഴപ്പമുണ്ടെന്നും നടപടി വേണമെന്നും പാർട്ടിക്കുള്ളിൽ നേതൃത്വം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സന്ദീപ് പാർട്ടി വിടുന്ന സാഹചര്യം ഉണ്ടാകരുതായിരുന്നുവെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.